ന്യൂഡൽഹിയിലടക്കം മൂന്നോളം സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്; വിമാന ഗതാഗതവും റെയിൽ ഗതാഗതവും താറുമാറായി, സ്കൂളുകൾക്ക് അവധി

Friday 29 December 2023 10:22 AM IST

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിലും മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ന്യൂഡൽഹിയെ കൂടാതെ പഞ്ചാബ്, ഹരിയാന, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെഡ് അലർട്ട്. രാജ്യതലസ്ഥാനത്ത് എത്തുന്ന നൂറോളം വിമാനങ്ങൾ വൈകുമെന്ന് അധികൃതർ അറിയിച്ചു.

ആഭ്യന്തരവിമാനത്താവളത്തിലും അന്താരാഷ്ട്രവിമാനത്താവളത്തിലും എത്തേണ്ട നൂറോളം വിമാനങ്ങൾ വൈകുമെന്ന് കഴിഞ്ഞ ദിവസം തന്നെ എയർപോർട്ട് അധികൃതർ അറിയിച്ചിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന 43 ഓളം വിമാനങ്ങൾ വൈകിയാണ് സർവ്വീസ് നടത്തിയത്. അതേസമയം,ട്രെയിൻ സർവ്വീസുകളും വൈകുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. 22 ട്രെയിനുകളാണ് കഴിഞ്ഞ ദിവസം വൈകി സർവ്വീസ് നടത്തിയത്. ഇത് യാത്രികരെ സാരമായി ബാധിച്ചിരുന്നു.

ഇന്ന് തലസ്ഥാനത്ത് മൂടൽമഞ്ഞിൽ കുറവുണ്ടെന്നും വായുവിന്റെ നിലവാരത്തിൽ പുരോഗതയിയുണ്ടെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്. എയർ ക്വാളി​റ്റി ഇൻഡക്സ് (എക്യൂഐ) 356 ആയെന്നാണ് കണക്ക്. അടുത്ത രണ്ട് ദിവസത്തേക്ക് വായുവിന്റെ നിലവാരം മോശമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ,ഉത്തർപ്രദേശ്, മദ്ധ്യപ്രദേശിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ അനുഭവപ്പെടും.

അടുത്ത അഞ്ച് ദിവസങ്ങളിൽ ഹരിയാന,പഞ്ചാബ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഉത്തർപ്രദേശിൽ കനത്ത മൂടൽമഞ്ഞുണ്ടാകുന്ന സാഹചര്യത്തിൽ ഗതാഗത തടസം പരിഹരിക്കാൻ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം, മഞ്ഞുവീഴ്ച വർദ്ധിച്ച സാഹചര്യത്തിൽ ‌നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും ‌ഗൗതം ബുദ്ധ് നഗറിലെയും സ്‌കൂളുകൾക്ക് അടുത്ത രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ 29, 30 തീയതികളിൽ സ്‌കൂളുകൾ അടച്ചിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. അദ്ധ്യാപകരും മറ്റ് ജീവനക്കാരും ജോലി ചെയ്യും. അതിനിടെ, മൂടൽമഞ്ഞിനെ തുടർന്ന് ഉത്തർപ്രദേശിലുണ്ടായ രണ്ട് വ്യത്യസ്ത റോഡപകടങ്ങളിൽ ആറ് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Advertisement
Advertisement