പാകിസ്ഥാനിൽ പുതുവത്സരാഘോഷങ്ങൾക്ക് പൂർണ നിരാേധനം: വിലക്ക് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി

Friday 29 December 2023 11:13 AM IST

ഇസ്ലാമാബാദ്: പുതുവത്സരാഘോഷങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി പാകിസ്ഥാൻ. രാജ്യത്ത് ഒരുതരത്തിലുള്ള ആഘോഷവും പാടില്ലെന്നാണ് കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കറിന്റെ കർശന നിർദ്ദേശം. പാലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

“പാലസ്തീനിലെ അതീവ ഗൗരവമായ സാഹചര്യം മനസിൽ വച്ചും പാലസ്തീനിയൻ സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും, പുതുവർഷത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സർക്കാരിന്റെ കർശനമായ നിരോധനം ഉണ്ടായിരിക്കും'-അൻവാറുൽ ഹഖ് പറഞ്ഞു. എല്ലാ പരിധികളും ലംഘിക്കപ്പെട്ട ആക്രമണമാണ് ഇപ്പോൾ ഗാസയിൽ നടക്കുന്നതെന്നും ഇതുവരെ 21,000 പാലസ്തീൻകാരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റുരാജ്യങ്ങളിൽ പുതുവർഷ ആഘാേഷങ്ങൾ ഗംഭീരമായിട്ടാണ് നടക്കുന്നതെങ്കിലും പാകിസ്ഥാനിൽ വർഷങ്ങളായി അതല്ല സ്ഥിതി. രാജ്യത്ത് കാര്യമായ സ്വാധീനമുള്ള തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകൾ ആഘോഷങ്ങൾക്ക് എതിരാണ്. അതിനാൽത്തന്നെ പുതുവർഷാഘോഷത്തിനുൾപ്പടെ അപ്രഖ്യാപിത വിലക്കുണ്ട്. ബലംപ്രയോഗിച്ചുപോലും തീവ്രവാദ ഗ്രൂപ്പുകൾ ഇത്തരം ആഘോഷങ്ങൾ തടയാൻ ശ്രമിക്കുന്നത് പാകിസ്ഥാനിൽ പുതിയ കാര്യമേ അല്ല. പലപ്പോഴും പൊലീസും ഇക്കാര്യത്തിൽ ഇടപെടാറില്ല. ഇത്തവണ സർക്കാർ തന്നെ നിരോധനം ഏർപ്പെടുത്തിരിക്കുന്നതിനാൽ പൊലീസിന്റെ ഇടപെടൽ കൂടുതലുണ്ടാവും എന്നാണ് കരുതുന്നത്.

Advertisement
Advertisement