കാർ ആക്രമിച്ച് 20 ലക്ഷം കവർന്ന സംഭവത്തിൽ ഒരാൾകൂടി പിടിയിൽ
മീനങ്ങാടി: കാർ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവർന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് കടമ്പേരി വളപ്പൻ വീട്ടിൽ ഉണ്ണികൃഷ്ണൻ (21) ആണ് പിടിയിലായത്. കേസിൽ ആറുപേർ നേരത്തെ അറസ്റ്റിലായിരുന്നു. ബത്തേരി ഡി.വൈ.എസ്.പി കെ.കെ. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തളിപ്പറമ്പിൽ നിന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡിസംബർ 7 ന് മീനങ്ങാടി പെട്രോൾ പമ്പിന് സമീപം ആയിരുന്നു സംഭവം.
കോഴിക്കോട് എകരൂർ സ്വദേശി മക്ബൂലും ഈങ്ങാമ്പുഴ സ്വദേശി നാസറും സഞ്ചരിച്ച കാർ മീനങ്ങാടി പെട്രോൾ പമ്പിന് സമീപം തടഞ്ഞുനിർത്തി സംഘം കൊള്ളയടിക്കുകയായിരുന്നു. മൂന്നു കാറുകളിലായെത്തിയ സംഘം തടഞ്ഞുനിർത്തി 20 ലക്ഷം രൂപ കവർന്ന ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞു.
ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആദ്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ മേപ്പാടിയിൽ വച്ച് കാർ കണ്ടെത്തി. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സംഘത്തിലെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഒളിവിൽ പോയ കേസിലെ പ്രതികളിൽ ഒരാളായ ഉണ്ണികൃഷ്ണനെയാണ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കർണാടക ചാമരാജ് നഗറിൽ നിന്ന് കോഴിക്കോട് പണവുമായി കോഴിക്കോട് വരുന്നതിനിടയാണ് കാർ ആക്രമിച്ചത്.