ചടങ്ങ് നടന്നത് 61 വർഷത്തിന് ശേഷം കാപ്പാട്ട് കഴകം നാട്ടെഴുന്നള്ളത്ത് മാവിച്ചേരി ഭഗവതി ക്ഷേത്രത്തിൽ

Friday 29 December 2023 9:41 PM IST

പയ്യന്നൂർ : അറുപത്തിയൊന്ന് വർഷം മുമ്പ് ഇരു ക്ഷേത്രങ്ങളും തമ്മിലുണ്ടായ പ്രശ്നം പരിഹരിച്ച് കാപ്പാട്ട് കഴകത്തിലെ നാട്ടെഴുന്നള്ളത്ത് മാവിച്ചേരി ഭഗവതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം പള്ളിയറയുടെ മുൻ കൊട്ടിലിൽ കയറിയ കാപ്പാട്ട് ഭഗവതിയുടെ കോമരവും മാവിച്ചേരി ക്ഷേത്രത്തിലെ സ്ഥാനികനും തിരുവായുധങ്ങൾ പരസ്പരം കൈമാറി ക്ഷേത്രമതിൽക്കകത്ത് നർത്തനമാടി. യാദവ സമുദായത്തിന്റെ കാപ്പാട്ട് കഴകവും കുശവ സമുദായ ക്ഷേത്രമായ മാവിച്ചേരി ഭഗവതി ക്ഷേത്രവും തമ്മിൽ പൂർവീകമായി ഒട്ടേറെ ആചാര അനുഷ്ഠാന ബന്ധങ്ങളുണ്ടായിരുന്നു.

പൂരോത്സവ കാലത്ത് കാപ്പാട്ട് കഴകത്തിലെ പണിക്കരും വാല്യക്കാരുമാണ് മാവിച്ചേരി ക്ഷേത്രത്തിൽ പൂരക്കളി കളിച്ച് പൂരമാല നടത്തി വന്നത്. പണിക്കരും വാല്യക്കാരും മാവിച്ചേരി ക്ഷേത്രത്തിൽ പൂരമാല നടത്തി തിരിച്ചെ ത്തിയാൽ മാത്രമേ കാപ്പാട്ട് കഴകത്തിൽ അക്കാലത്ത് പൂരോത്സവ ചടങ്ങുകൾ പൂർത്തീകരിച്ച് നട അടക്കുകയുള്ളൂ. വിഷുവിനും പെരുങ്കളിയാട്ടത്തിനും മറ്റ് ഉത്സവകാലത്തുമെല്ലാം കാപ്പാട്ട് കഴകത്തിൽ ആചാര ചടങ്ങുകൾ നിർവഹിക്കാനുള്ള അധികാരം മാവിച്ചേരി ഭഗവതി ക്ഷേത്രത്തിനും ഉണ്ടായിരുന്നു. 1962 ലെ പൂരോത്സവ കാലത്ത് മാവിച്ചേരി ക്ഷേത്രത്തിൽ പൂരക്കളി കളിക്കുന്നതിനിടയിലുള്ള തർക്കം ഇരു ക്ഷേത്രങ്ങളെയും തമ്മിൽ അകറ്റി. അതോടെ ഇരു ക്ഷേത്രങ്ങളും തമ്മിൽ നടത്തേണ്ട ആചാര അനുഷ്ഠാനങ്ങളും മുടങ്ങി. കഴിഞ്ഞ പെരുങ്കളിയാട്ട കാലത്ത് പ്രശ്നപരിഹാരത്തിന് ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇരുക്ഷേത്ര ഭാരവാഹികളും ഒരുമിച്ചിരുന്ന് പ്രശ്നം രമ്യമായി പരിഹരിച്ച് പൂർവാചാരങ്ങൾ തുടരാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് 61 വർഷത്തിന് ശേഷം കാപ്പാട്ട് കഴകത്തിലെ നാട്ടെഴുന്നള്ളത്ത് മാവിച്ചേരി ഭഗവതി ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രം കോയ്മ ടി.സി.വി.രജിത്ത്, അന്തിത്തിരിയൻ പി.വി.രഞ്ജിത്ത്, സ്ഥാനികരായ ടി.വി.കൃഷ്ണൻ, വി.വി.പ്രഭാകരൻ , കെ.വി.ദാമോദരൻ, ക്ഷേത്രം സമുദായ കമ്മിറ്റി പ്രസിഡന്റ് ടി.വി.പവിത്രൻ, സെക്രട്ടറി കെ.വി.വേണുഗോപാലൻ, ട്രഷർ പി.വി.രഘുനാഥൻ, പുനർ നിർമ്മാണ കമ്മിറ്റി ചെയർമാൻ ഡോക്ടർ എം.മുരളീധരൻ, വർക്കിംഗ് ചെയർമാൻ എം.രാജേഷ്, സെക്രട്ടറി ടി.വി.ഭാസ്കരൻ, ട്രഷറർ എം.ശശിധരൻ ഉൾപ്പെട്ട വൻ ജനാവലി എഴുന്നള്ളത്തിനെ സ്വീകരിച്ചു.

Advertisement
Advertisement