ഓട്ടോകാസ്റ്റിൽ ഉത്പാദനം കുറഞ്ഞു, ശമ്പളവും മുടങ്ങി
ആലപ്പുഴ: പൊതുമേഖലാസ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിൽ ഉത്പാദനം
കുത്തനെ കുറയുകയും ശമ്പളം മുടങ്ങുകയും ചെയ്തതോടെ ജീവനക്കാർ മറ്റ് തൊഴിലുകൾ തേടി പോകേണ്ട അവസ്ഥയിലാണ്. പ്രതിമാസം 150 ടൺ ഉത്പാദനവും കൃത്യമായ ശമ്പളവും ലഭിച്ചിരുന്ന ഓട്ടോകാസ്റ്റിൽ, ഇപ്പോൾ മാസങ്ങളോളം ശമ്പളം കുടിശികയാണ്. 217സ്ഥിരം തൊഴിലാളികളാണ് ഓട്ടോകാസ്റ്റിലുള്ളത്. സ്ഥിരം തൊഴിലാളികൾക്ക് രണ്ടരമാസത്തെയും എക്‌സിക്യുട്ടീവ് ജീവനക്കാർക്ക് മൂന്നരമാസത്തെയും ശമ്പളമാണ് കിട്ടാനുള്ളത്. 2022ൽ വി.കെ.പ്രവിരാജ് എം.ഡിയായി ചുമതല ഏറ്റതോടെ കൃത്യസമയത്ത് നൽകാൻ കഴിയാത്തതിനാൽ ഓർഡറുകൾ നഷ്ടമായെന്നും ഇതോടെ ഉത്പാദനം കുറഞ്ഞ് തൊഴിലാളികൾക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥയുണ്ടായെന്നുമാണ് തൊഴിലാളി സംഘടനകൾ പറയുന്നത്.
കൃത്യമായി ശമ്പളം കിട്ടാതായതോടെ പകുതിയോളം ജീവനക്കാർ നീണ്ട അവധിയിൽ പോയി. ഒരുഷിഫ്റ്റിൽ 70 തൊഴിലാളികൾ വേണ്ടിടത്ത് 25 മുതൽ 30 പേർ മാത്രമാണ് ഇപ്പോൾ ജോലിചെയ്യുന്നത്. അതേസമയം, പ്രവർത്തന മൂലധനമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ ഡവലപ്പ്മെന്റ് കോർപ്പറേഷനിൽ അനുവദിച്ച 5 കോടിയിലെ ആദ്യഗഡുവായ 2.5കോടി ലഭിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് ജീവനക്കാരുടെ ശമ്പള കുടിശിക നൽകാനും ചരക്ക് തീവണ്ടികൾക്കുള്ള കാസ്‌നബ് ബോഗികൾ കൂടുതലായി നിർമ്മിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതിഷേധവുമായി
തൊഴിലാളികൾ
സ്ഥിരം ജീവനക്കാരെകുറച്ച്, കരാർ തൊഴിലാളികളെ നിയമിക്കാനുള്ള എം.ഡിയുടെ നിലപാടിനെതിരെ തൊഴിലാളി സംഘടനകൾ രംഗത്ത്. ഇതിനെതിരെ
ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി യൂണിയനുകൾ സംയുക്തമായി എം.ഡി ഓഫീസിന് മുന്നിൽ വാഴവച്ച് പ്രതിഷേധിച്ചു. എ.ഐ.ടി.യു.സി സെക്രട്ടറി ബൈജു മോൻ, ഐ.എൻ.ടി.യു സെക്രട്ടറി ശ്യാംജിത്ത്, മറ്റ് ഭാരവാഹികളായ ജി.പ്രകാശൻ, അരുൺകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ശമ്പളം നൽകാതെ സ്ഥിരം ജീവനക്കാരെ ഒഴിവാക്കി കരാറുകാരെ നിയമിക്കാനുള്ള
ശ്രമമാണ് എം.ഡി നടത്തുന്നത്. അതിലൂടെ തൊഴിലാളി വിരുദ്ധ കേന്ദ്രനയമാണ് അദ്ദേഹം നടപ്പാക്കാൻ ശ്രമിക്കുന്നത്
- ശ്യാംജിത്ത്, സെക്രട്ടറി, ഐ.എൻ.ടി.യു.സി
സ്ഥിരം ജീവനക്കാർ
ആകെ: 217
നിലവിൽ : 100
ശമ്പളക്കുടിശിക
സ്ഥിരം ജീവനക്കാർ: രണ്ടരമാസം
എക്സിക്യുട്ടീവ് ജീവനക്കാർ: മൂന്നരമാസം