കഞ്ചാവ് മാഫിയയെന്ന് സംശയം: കൗമാരക്കാരന്റെ നേതൃത്വത്തിൽ വീടിന് നേരെ ആക്രമണം

Saturday 30 December 2023 1:11 AM IST

ഒല്ലൂർ: എരവിമംഗലത്ത് വീട്ടുകാരില്ലാത്ത സമയത്ത് വീട്ടിൽ കയറി കൗമാരക്കാരന്റെ ആക്രമണം. പിന്നിൽ കഞ്ചാവ് മാഫിയയെന്ന് സംശയം. ടെറസിന് മുകളിലെ സോളാർ പാനൽ തകർത്തും വീടിന് മുന്നിൽ ബൈക്ക് നശിപ്പിച്ചും ഫിഷ് ടാങ്കിൽ മണ്ണ് വാരിയിട്ട് മീനുകളെ കൊന്നുമായിരുന്നു അതിക്രമം. എരവി മംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. ഷാജുവും കുടുംബവും ഭാര്യ വീട്ടിൽ പോയിരുന്ന സമയത്തായിരുന്നു ആക്രമണം. തുടർന്ന് അയൽക്കാർ പറഞ്ഞ് വിവരമറിഞ്ഞെത്തുകയായിരുന്നു. പുറത്തുണ്ടായിരുന്ന ഗ്യാസ് കുറ്റി വലിച്ചെറിഞ്ഞ നിലയിലാണ്. വീട് കുത്തിപ്പൊളിക്കാൻ ശ്രമിച്ചു. വീടിനു ചുറ്റുമുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടു. കോഴിയുടെ കണ്ണ് ചൂഴ്‌ന്നെടുത്തും, കൂട് തകർത്ത് പ്രാവുകളെ പറത്തി വിട്ടും നാശം വരുത്തി. കൂടാതെ ശുചിമുറിയിലെ ടൈലും തകർത്തിട്ടുണ്ട്. ശബ്ദം കേട്ട് അയൽക്കാരെത്തിയപ്പോൾ ഏകദേശം 15 വയസ് തോന്നിക്കുന്ന കൗമാരക്കാരൻ ഓടിപ്പോകുന്നതാണ് കണ്ടത്. ആളെ തിരിച്ചറിയാനായിട്ടില്ല. ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിനോട് ചേർന്നുള്ള പാടത്ത് കഞ്ചാവ് മാഫിയാ സംഘം കൂടിച്ചേരുന്നുണ്ടെന്നും കൗമാരക്കാർ അടക്കം കുറെപ്പേർ വന്നു പോകുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

Advertisement
Advertisement