വനം വകുപ്പിൽ സ്വന്തം ഖജനാവ് നിറയ്ക്കുന്നവർ

Saturday 30 December 2023 12:17 AM IST

വിജിലൻസിന്റെ ഏറ്റവും ഒടുവിലത്തെ മിന്നൽ പരിശോധന അരങ്ങേറിയത് വനംവകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളിലും ഏജൻസികളിലുമാണ്. സാധാരണ ഇത്തരം റെയ്‌ഡുകളിൽ കണ്ടുപിടിക്കാറുള്ള ഗുരുതര ക്രമക്കേടുകൾ ഇവിടങ്ങളിലും കണ്ടെത്താൻ കഴിഞ്ഞുവെന്ന് പ്രത്യേകം പറയേണ്ടതില്ല. ഒരു വ്യത്യാസം മാത്രം. കൈക്കൂലിയോ മറ്റു തരത്തിലുള്ള അഴിമതിയോ എന്നതിനപ്പുറം ഖജനാവിലേക്കു ചെല്ലേണ്ട വിവിധയിനം വരുമാനം ജീവനക്കാർ ഗൂഗിൾ പേ സംവിധാനം വഴി സ്വന്തം കുടുംബത്തേക്ക് കൊണ്ടുപോകുന്നതായി കണ്ടെത്തിയത്രെ! എന്തിന് സർക്കാർ ഖജനാവിലേക്കു മാറ്റി റവന്യൂ വരുമാനം കൊഴുപ്പിക്കണമെന്ന വിചാരമാകാം,​ കിട്ടുന്നതെല്ലാം സ്വന്തം അക്കൗണ്ടിലേക്ക് വഴി തിരിച്ചുവിടാൻ ഈ തിരുമാലികളെ പ്രേരിപ്പിച്ചിരിക്കുക.

ടൂറിസം സെന്ററുകളിൽ പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്ന പാർക്കിംഗ് ഫീസ്, ബോട്ട് സവാരി ഫീസ് എന്നിവയിൽ ലഭിക്കുന്ന പണം ജീവനക്കാരുടെ ഗൂഗിൾ പേയിലൂടെയാണ് പിരിച്ചിരുന്നത്. തുക തൽക്ഷണം സ്വന്തം ബാങ്ക് അക്കൗണ്ടിലാണ് എത്തിയിരുന്നത്. കഴിഞ്ഞ ആറുമാസത്തെ ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് വ്യാപകമായ വെട്ടിപ്പുകളുടെ സത്യാവസ്ഥ ബോദ്ധ്യപ്പെട്ടത്. തേക്കടിയിലെ ബോട്ടിംഗ് കേന്ദ്രത്തിലെ ജീവനക്കാർക്ക് അവിടെ പ്രവർത്തിക്കുന്ന ഹോട്ടലുകാർ മാസം നാല്പതിനായിരം രൂപവച്ച് നൽകിക്കൊണ്ടിരുന്നതിനു പിന്നിൽ എന്തൊക്കെ ഇടപാടുകളാണ് നടന്നിട്ടുള്ളതെന്ന് കൂടുതൽ പരിശോധനകളിലേ അറിയാനാവൂ. ബിൽ നൽകാതെ വനം ഉത്‌പന്നങ്ങൾ വിൽക്കുക, പാർക്കിംഗിന് രസീത് നൽകാതെ പണം വാങ്ങുക, മേലധികാരികളുടെ അനുമതി വാങ്ങാതെ ഉപകരണങ്ങൾ വാങ്ങുക തുടങ്ങി പരിശോധന നടന്ന ഇടങ്ങളിലെല്ലാം വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ചെക്ക് പോസ്റ്റുകൾ നിലവിലുണ്ടായിരുന്ന കാലത്ത് ജീവനക്കാർ ആസൂത്രിതമായി നടത്തിക്കൊണ്ടിരുന്ന വെട്ടിപ്പും തട്ടിപ്പും കുപ്രസിദ്ധമാണ്. ചെക്ക് പോസ്റ്റ് കടക്കാൻ ഓരോ ചരക്കുവാഹനക്കാരും നിശ്ചിത പടി നൽകണമെന്നത് അലിഖിത നിയമമായിരുന്നു. ജി.എസ്.ടി പ്രാബല്യത്തിലായതോടെയാണ് ചെക്ക് പോസ്റ്റുകളിലെ പിടിച്ചുപറിക്ക് പൂട്ടുവീണത്. വനം വികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും പണം തിരിമറിക്ക് പഴുതുകൾ ധാരാളമുള്ളതുകൊണ്ടാണ് അവിടങ്ങളിൽ വൻതോതിൽ പണാപഹരണവും ക്രമക്കേടും നടക്കുന്നത്. പലേടത്തുമെന്ന പോലെ ഇവിടങ്ങളിലും പരിശോധനകൾ നടത്താൻ മേലധികാരികൾ ഉപേക്ഷ കാണിക്കുന്നതാണ് തിരിമറി വർദ്ധിക്കാൻ കാരണം.

ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വനം വികസന കേന്ദ്രങ്ങളിൽ പൂർണമായും ജീവനക്കാരുടെ ഭരണമാണ് നടക്കുന്നത്. വിനോദ സഞ്ചാരത്തിനായി അവിടങ്ങൾ സന്ദർശിക്കുന്നവർക്ക് തങ്ങൾ നൽകുന്ന ഫീസും മറ്റും എവിടേക്കാണു പോകുന്നതെന്ന് അന്വേഷിക്കേണ്ട ബാദ്ധ്യതയില്ല. ഒരു ദിവസം നൂറു വാഹനം എത്തിയാൽ കണക്കിൽ പത്ത് എന്നാകും രേഖ. ഇതുപോലുള്ള എല്ലാ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം വെട്ടിപ്പുകൾ നടക്കാറുണ്ട്. പാർക്കിംഗിന് ശാസ്ത്രീയ മാർഗങ്ങൾ വരുന്നതിനു മുൻപ് ശബരിമലയിൽ നടന്നിരുന്ന പാർക്കിംഗ് ഫീ കൊള്ള കുപ്രസിദ്ധമാണ്.

പണം ഇടപാടുകൾ നടക്കുന്ന ഏതു സർക്കാർ ഓഫീസുകളിലും കൃത്യമായ പരിശോധനകളും ഓഡിറ്റിംഗ് ഏർപ്പാടുകളും ഉറപ്പാക്കിയാൽ മാത്രമേ വെട്ടിപ്പുകൾ നിയന്ത്രിക്കാനാവൂ. വിരുതന്മാരായ ജീവനക്കാരാണെങ്കിൽ എങ്ങനെയും പഴുതുകൾ സൃഷ്ടിച്ച് കുറച്ചൊക്കെ കൈക്കലാക്കിയെന്നു വരും. പരിശോധനകൾക്ക് സ്ഥിരം സംവിധാനം ഏർപ്പെടുത്തുക മാത്രമാണ് പോംവഴി. വിജിലൻസുകാർ വർഷത്തിൽ ഒരിക്കൽ ആഘോഷപൂർവം നടത്തുന്ന പരിശോധനകൊണ്ട് അറുതിവരുത്താവുന്നതല്ല ഇതുപോലുള്ള പണാപഹരണവും വ്യാപക ക്രമക്കേടുകളും. പിടികൂടപ്പെടുന്ന കേസുകളിൽ തുടർ നടപടികളും കർക്കശമായെങ്കിലേ തെറ്റുകൾ ആവർത്തിക്കാതിരിക്കുകയുള്ളൂ.

Advertisement
Advertisement