കേന്ദ്രവുമായി കരാർ ഒപ്പിട്ടു, സമാധാനപാതയിൽ ഉൾഫ

Saturday 30 December 2023 12:28 AM IST

ന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലയിലെ വലിയ വിമത ഗ്രൂപ്പുകളിലൊന്നായ അസാമിലെ ഉൾഫയുടെ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) ഒരു വിഭാഗം കേന്ദ്ര സർക്കാരുമായി സമാധാന കരാറിൽ ഒപ്പിട്ടു. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും സാന്നിദ്ധ്യത്തിലാണ് അരബിന്ദ രാജ്ഖോവയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഒപ്പിട്ടത്. 12 വർഷത്തിലേറെയായി ഈ ഗ്രൂപ്പ് കേന്ദ്രവുമായി ചർച്ച നടത്തുന്നു.

അനധികൃത കുടിയേറ്റം തടയൽ, തദ്ദേശീയ സമൂഹങ്ങൾക്കുള്ള ഭൂമി അവകാശം, വികസനത്തിനുള്ള സാമ്പത്തിക പാക്കേജ് തുടങ്ങിയ ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിൻമേലായിരുന്നു തീരുമാനം. ന്യായമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും ഉൾഫ ഉടൻ പിരിച്ചുവിടുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അസാമിന്റെ ശോഭന ഭാവിക്കുള്ള തീരുമാനമാണ്. വടക്കുകിഴക്കൻ മേഖലയിൽ സമാധാനവും സുസ്ഥിരതയും നടപ്പാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്നും അമിത് ഷാ വ്യക്തമാക്കി. ഉടമ്പടി മേഖലയിലെ കലാപം ഇല്ലാതാക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു.

പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫ (സ്വതന്ത്ര) വിഭാഗം കരാറിന്റെ ഭാഗമല്ല. ചൈന-മ്യാൻമർ അതിർത്തിയിൽ താമസിക്കുന്ന പരേഷ് 'പരമാധികാര അസാം" എന്ന ആവശ്യത്തിലുറച്ച് നിൽക്കുന്നു. മൂന്ന് വർഷത്തിനിടെ അസാമിലെ വിമത ബോഡോ, ദിമാസ, കർബി, ആദിവാസി സംഘടനകളുമായും കേന്ദ്രം സമാധാന കരാറിൽ ഒപ്പുവച്ചു. നവംബറിൽ മണിപ്പൂരിലെ സായുധ ഗ്രൂപ്പായ യു.എൻ.എൽ.എഫുമായി സമാധാന കരാറിൽ ഒപ്പുവച്ചിരുന്നു.

ആവശ്യം സ്വതന്ത്ര പരമാധികാര രാഷ്ട്രം

അസാമിൽ സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കാനും ബംഗ്ളാദേശിൽ നിന്നുള്ള കുടിയേറ്റം തടയാനും ലക്ഷ്യമിട്ട് 1979 ഏപ്രിൽ 7 ന് രൂപീകരണം

 പിന്നിൽ പരേഷ് ബറുവ, അരബിന്ദ രാജ്ഖോവ, അനുപ് ചേതിയ

 1980ൽ അക്രമവഴിയിൽ.

 ഇന്ത്യയ്‌ക്കെതിരായതോടെ 1990ൽ നിരോധിച്ചു

 രാജ്ഖോവ 2011ൽ സർക്കാരുമായി സമാധാന ചർച്ച തുടങ്ങി

 പരേഷ് ബറുവ വിമത സംഘടനയുണ്ടാക്കി അക്രമങ്ങൾ തുടരുന്നു

Advertisement
Advertisement