സൂപ്പിനായി കൊന്നത് മാസം 300 പൂച്ചകളെ, റെസ്റ്റോറന്റ് അടച്ചുപൂട്ടി

Saturday 30 December 2023 7:08 AM IST

ഹാനോയ്: വിയറ്റ്നാമിൽ സൂപ്പിനായി മാസം ശരാശരി 300ഓളം പൂച്ചകളെ കൊന്നൊടുക്കിയ റെസ്​റ്റോറന്റ് അടച്ചുപൂട്ടി. വിയറ്റ്നാമിൽ പൂച്ചകളുടെ മാംസം ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ സൂപ്പിനായി പൂച്ചകളെ ബക്ക​റ്റിൽ വെള്ളം നിറച്ച് ക്രൂരമായി മുക്കി കൊന്നെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് നീക്കം. സാധാരണ ഭക്ഷണവും പാനിയങ്ങളും വിറ്റിരുന്ന റെസ്റ്റോറന്റിൽ വില്പന നഷ്ടത്തിലായപ്പോഴാണ് പൂച്ചകളുടെ മാംസം വിൽക്കാൻ തുടങ്ങിയതെന്നും മേഖലയിൽ ഇത്തരം റെസ്റ്റോറന്റില്ലാത്തതിനാൽ നിരവധി ആവശ്യക്കാരെത്തിയെന്നും 37കാരനായ റെസ്റ്റോറന്റുടമ സ്വമേധയാ വെളിപ്പെടുത്തി. തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം തോന്നിയ ഉടമ ഈ മാസം ആദ്യം റെസ്റ്റോറന്റ് പൂട്ടാൻ തീരുമാനിക്കുകയായിരുന്നു. റെസ്റ്റോറന്റിൽ കൊല്ലാൻ എത്തിച്ച 20 പൂച്ചകളെ സ്വതന്ത്രമാക്കുകയും ചെയ്തു. ഹ്യൂമെയ്ൻ സൊസൈ​റ്റി ഇന്റർനാഷണൽ എന്ന സംഘടനയുടെ സഹായത്തോടെ ഉപജീവനത്തിനായി ഉടമ ഒരു പലചരക്ക് കട തുറന്നിട്ടുണ്ട്. പ്രതിവർഷം 10 ലക്ഷത്തോളം പൂച്ചകളെ വിയറ്റ്നാമിൽ മാംസത്തിനായി കൊല്ലുന്നെന്നാണ് ഹ്യൂമെയ്ൻ സൊസൈ​റ്റി ഇന്റർനാഷണലിന്റെ കണക്ക്. ഇതിനായി വളർത്തുപൂച്ചകളെ മോഷ്ടിക്കുന്നതും തെരുവു പൂച്ചകളെ പിടികൂടുന്നതും രാജ്യത്ത് പതിവായിട്ടുണ്ട്.

Advertisement
Advertisement