പൊളിച്ചുമാറ്റുന്ന ആയോധന കലാപരിശീലന കേന്ദ്രം,പൊഴിക്കരയിൽ വിശ്രമകേന്ദ്രം വേണം

Sunday 31 December 2023 2:05 AM IST

പൂവാർ: പൂവാർ പൊഴിക്കരയിൽ ടൂറിസം ഡിപ്പാർട്ട്മെന്റ് 1990ൽ സ്ഥാപിച്ച ആയോധനകലാ പരിശീലനകേന്ദ്രം കോസ്റ്റൽ പൊലീസിന്റെ അഭ്യർത്ഥനപ്രകാരം പൊളിച്ചുമാറ്റാൻ തീരുമാനമായതായി സൂചന. മഴയത്തോ ശക്തമായ കാറ്റിലോ തകർന്നു വീഴാവുന്ന അവസ്ഥയിലാണ് ജീർണിച്ച കെട്ടിടങ്ങൾ ഇപ്പോഴുള്ളത്. പൂർണമായും വാസ്തുശില്പ മാതൃകയിൽ കരിങ്കല്ലിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും സാമൂഹ്യവിരുദ്ധർ ഇളക്കിമാറ്റിയിരിക്കുന്നു. ഓടുപാകി വാർത്ത മേൽക്കൂരയും ഇളകിത്തുടങ്ങി. ചുവരുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞു. ഉൾഭാഗം മാലിന്യം കൊണ്ട് നിറഞ്ഞു. മദ്യക്കുപ്പികളും ലഹരി വസ്തുക്കളുടെ കവറുകളും കുന്നുകൂടി കിടക്കുന്നു. പ്രദേശത്ത് സമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.

നെയ്യാർ അറബിക്കടലിൽ ലയിക്കുന്നതിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്നവർക്ക് ബ്രേക്ക് വാട്ടറിലെ ബോട്ട് സവാരി കഴിഞ്ഞ് ഗോൾഡൻ ബീച്ചിൽ വിശ്രമിക്കാനും ആയോധന കലാകേന്ദ്രത്തിനുള്ളിലെ കലാരൂപങ്ങൾ കണ്ട് ആസ്വദിക്കുന്നതിനും അവസരം ഒരുക്കുകവഴി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുകയായിരുന്നു ടൂറിസം വകുപ്പിന്റെ ലക്ഷ്യം. തുടർപ്രവർത്തനങ്ങൾ ഇല്ലാതായതോടെ ലക്ഷ്യം പാളുകയായിരുന്നു.

ആയോധന കലാ പരിശീലനകേന്ദ്രം നിർമ്മിച്ചത് - 1990ൽ

കെട്ടിടം നി‌ർമ്മിച്ചത്

നാടൻ കലാരൂപങ്ങളെയും ആയോധന കലയെയും പരിപോഷിപ്പിക്കുന്നതിനും വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും വേണ്ടി സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. പൂവാർ ഗ്രാമപഞ്ചായത്ത് ടൂറിസം ഡിപ്പാർട്ട്മെന്റിന് കൈമാറിയ ഭൂമിയിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. ഇതിനായി നിർമ്മിച്ച രണ്ട് കെട്ടിടങ്ങളും പരിപാലനമില്ലാതെ മൂന്ന് പതിറ്റാണ്ടായി അനാഥമായി കിടക്കുകയായിരുന്നു.

ലക്ഷ്യം കാണാതെ

തെക്കൻ കേരളത്തിൽ ശക്തിയാർജ്ജിച്ച ആയോധന കലയായ നാടൻ കളരിപ്പയറ്റും ഉത്തര കേരളത്തിൽ സജീവമായിരുന്ന തെയ്യം, പൂരക്കളി, കോൽക്കളി, വേലകളി, തച്ചോളിക്കളി തുടങ്ങിയ കലാരൂപങ്ങളും ഒരു വേദിയിൽ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം.

തകർന്നാൽ വൻ ദുരന്തം

പൊഴിക്കരയിലെത്തുന്ന സഞ്ചാരികളും നാട്ടുകാരും മഴയത്ത് നനയാതെ നിൽക്കാൻ ഓടിക്കയറുന്നത് ഇവിടേക്കാണ്. കൂടാതെ പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതും ഈ കെട്ടിടങ്ങളുടെ സമീപത്താണ്. ജീവനക്കാരുടെയും ടൂറിസ്റ്റുകളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. കെട്ടിടം തകർന്നുവീണാൽ വൻ ദുരന്തമുണ്ടാകുമെന്ന് നാട്ടുകാരും കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ജീവനക്കാരും അധികൃതരെ അറിയിച്ചിരുന്നു.

Advertisement
Advertisement