പാകിസ്‌ഥാനിൽ നിന്ന് മയക്കുമരുന്നുമായി ചൈനീസ് ഡ്രോൺ; വെടിവച്ച് വീഴ്‌ത്തി ഇന്ത്യൻ സുരക്ഷാസേന

Sunday 31 December 2023 10:56 AM IST

ന്യൂഡൽഹി: മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ച ചൈനീസ് നിർമിത ഡ്രോൺ വെടിവച്ച് വീഴ്‌ത്തി ഇന്ത്യൻ സുരക്ഷാ സേന. പാകിസ്ഥാൻ അതിർത്തിയിൽ നിന്നാണ് മയക്കുമരുന്നുമായി ഡ്രോൺ എത്തിയത്. പഞ്ചാബ് അതിർത്തിയിൽ വച്ചാണ് വെടിവച്ച് വീഴ്‌ത്തിയതെന്ന് സേനാവൃത്തങ്ങൾ വ്യക്തമാക്കി. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഡ്രോണിൽ ഉണ്ടായിരുന്ന 523 ഗ്രാം ഹെറോയിൻ സുരക്ഷാ സേന പിടിച്ചെടുത്തു. പ‌ഞ്ചാബിലെ ടാൻ താരൻ ഗ്രാമത്തിലെ മാരി കാംബോക്കെ എന്ന സ്ഥലത്തുള്ള കൃഷിയിടത്തിലാണ് ഡ്രോൺ വെടിവച്ച് വീഴ്‌ത്തിയത്.

ഇന്നലെ രാത്രിയോടെ പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് സംശയാസ്‌പദമായി ഒരു വസ്‌തു പറന്നുവരുന്നതിന്റെ ശബ്ദം ബിഎസ്‌എഫ് ഉദ്യോഗസ്ഥർ കേട്ടതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടർന്ന് പഞ്ചാബ് പൊലീസും ബിഎസ്‌എഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ തകർന്ന നിലയിൽ ഒരു ക്വാഡ്‌കോപ്‌ടർ (ഡ്രോൺ) കണ്ടെത്തുകയായിരുന്നു. ഇതിൽ ടേപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മയക്കുമരുന്ന്. ഡിജെഐ മാവിക്3 ക്ളാസിക് മോഡൽ ക്വാഡ്‌കോപ്‌ടർ ആണ് പിടിച്ചെടുത്തത്. ഇത് ചൈനീസ് നിർമിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.