വർക്കലയിൽ പുതുവത്സര പുലർച്ചെ വനിതാ  ടൂറിസ്റ്റുകൾക്ക്  നേരെ ലെെംഗിക  അതിക്രമം; ഒരാൾ പിടിയിൽ

Monday 01 January 2024 5:54 PM IST

തിരുവനന്തപുരം: പുതുവത്സര പുലർച്ചെ വനിതാ ടൂറിസ്റ്റുകൾക്ക് നേരെ ലെെംഗിക അതിക്രമം. വർക്കലയിലാണ് സംഭവം. ഹോം സ്റ്റേയിൽ അതിക്രമിച്ച് കയറി വനിതാ ടൂറിസ്റ്റുകളെ കയറിപ്പിടിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം വള്ളത്തുംങ്കൽ സ്വദേശിയായ അഖിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വർക്കല ക്ലിഫിലെ ലോസ്റ്റ് ഹോസ്റ്റലിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്.

ഹോം സ്റ്റേയിലെ ഒന്നാം നിലയിലെ മുറികളിൽ കയറിയാണ് ഇയാൾ യുവതികളെ കടന്നുപിടിച്ചത്. ടൂറിസ്റ്റുകളാണ് അഖിലിനെ പിടികൂടിയത്.

അതേസമയം, മൂന്നാറിൽ ഇതരസംസ്ഥാനക്കാരിയായ പന്ത്രണ്ട് വയസുകാരിയെ കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ മൂന്ന് ദിവസം മുൻപായിരുന്നു സംഭവം.

ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിയ്ക്ക് നേരെയാണ് അതിക്രമം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി കുട്ടിയെ കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പെൺകുട്ടിയ്ക്ക് ശരീരവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പീഡനത്തിനിരയായതായി പെൺകുട്ടിയും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.