പുതുവത്സര ദിനത്തിൽ അർദ്ധരാത്രി മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായത് മൂവായിരത്തിലധികം പേർ; ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യും
ഹൈദരാബാദ്: പുതുവത്സര ദിനത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായത് മൂവായിരത്തിലധികം പേർ. അർദ്ധരാത്രി ഒന്നിനും നാലിനുമിടയിലാണ് ഇവരെല്ലാം പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇതിൽ രണ്ടായിരത്തി നാനൂറിലധികം കേസുകളും റിപ്പോർട്ട് ചെയ്തത് ഹൈദരാബാദിലും സൈബരാബാദിലുമാണ്.
പിടിയിലായതിൽ കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ്. 1988 ലെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ഇവരുടെ ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യുമെന്നും ഇക്കാര്യം റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനായി പൊലീസ് പ്രത്യേക നടപടി സ്വീകരിച്ചിരുന്നു. രാവിലെ എട്ട് തൊട്ട് നഗരത്തിലുടനീളം ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇതിനെച്ചൊല്ലി പൊലീസും ജനങ്ങളും വാക്കേറ്റം ഉണ്ടായിരുന്നു. കടുത്ത നടപടി സ്വീകരിച്ചതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിച്ചെന്ന് അധികൃതർ അറിയിച്ചു.