ആന്ധ്രയിൽ കോൺഗ്രസിന്റെ ശക്തിയാവാൻ ശർമ്മിള വരുന്നു

Wednesday 03 January 2024 3:57 AM IST

ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ശർമ്മിള നാളെ കോൺഗ്രസിൽ ചേരും. ശർമ്മിളയുടെ പാർട്ടിയായ വൈ.എസ്.ആർ.ടി.പി കോൺഗ്രസിൽ ലയിക്കും. 2014ലെ തെലങ്കാനാ വിഭജനത്തിന് ശേഷം വേരറ്റ കോൺഗ്രസിനെ പുനരുദ്ധരിക്കുകയാണ് ഷർമ്മിളയുടെ ദൗത്യം.

ഡൽഹിയിൽ നാളെ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേരുമെന്ന് ശർമ്മിളയാണ് പ്രഖ്യാപിച്ചത്. തനിക്ക് പി.സി.സി അദ്ധ്യക്ഷ സ്ഥാനവും എ.ഐ.സി.സി സെക്രട്ടറി സ്ഥാനവും വാഗ്‌ദാനം ചെയ്‌തതായും അവർ അവകാശപ്പെടുന്നു.ഇന്ന് കടപ്പയിലെ ഇടുപ്പുലപായയിൽ പിതാവ് വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ സ്മാരകം സന്ദർശിക്കും. ഫെബ്രുവരി 17ന് നടത്താൻ നിശ്ചയിച്ച മകൻ രാജ റെഡ്ഡിയുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് അവിടെ സമർപ്പിക്കും. ഹൈദരാബാദിലെത്തിയ ശേഷം വൈകിട്ട് ഡൽഹിക്ക് തിരിക്കും.


തെലങ്കാനയിൽ വൈ.എസ്.ആർ.ടി.പിയുമായി ഒറ്റയ്‌ക്ക് നടത്തിയ നീക്കങ്ങൾ പാളിയതോടെയാണ് ശർമ്മിള കോൺഗ്രസിലേക്ക് ചായാൻ തുടങ്ങിയത്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ ചേരാൻ നീക്കമുണ്ടായിരുന്നെങ്കിലും എ.ഐ.സി.സി നേതൃത്വം പ്രോത്‌സാഹിപ്പിച്ചില്ല. ആന്ധ്രയിൽ നയിക്കാനുള്ള ദൗത്യമാണ് പാർട്ടി നൽകിയത്. സഹോദരൻ ജഗനെ നേരിട്ടെതിർക്കാൻ ആദ്യം വിമുഖത കാണിച്ച ശർമ്മിള പിന്നീട് വഴങ്ങി. നേതൃത്വം ആന്ധ്ര കോൺഗ്രസ് നേതാക്കളുമായും ചർച്ച ചെയ്‌ത് സമവായമുണ്ടാക്കി.

വൈ.എസ്.ആർ എസ് എം.എൽ.എമാരും വരും

ശർമ്മിള എത്തുന്നത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് പി.സി.സി അദ്ധ്യക്ഷൻ ഗിഡുഗു രുദ്രരാജു പറഞ്ഞു. ശർമ്മിള വന്നാൽ ജഗന്റെ വൈ.എസ്.ആർ കോൺഗ്രസിലെ ഏതാനും എം.എൽ.എമാർ കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ശർമ്മിളയ്‌ക്കൊപ്പം ചേരാൻ തയ്യാറാണെന്ന് സിറ്റിംഗ് എം.എൽ.എ അല്ലാ രാമകൃഷ്ണ റെഡ്ഡി പ്രഖ്യാപിച്ചിരുന്നു.

Advertisement
Advertisement