ശബരിമലയല്ല; ഇത്തവണ രണ്ട് ജില്ലകൾ പിടിക്കാൻ ബിജെപി പയറ്റുന്നത് മറ്റൊരു തന്ത്രം, ആദ്യഘട്ടം വിജയം

Wednesday 03 January 2024 11:25 AM IST

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലാണ് ബി.ജെ.പി. കഠിനാധ്വാനം ചെയ്താൽ കേരളത്തിൽ അഞ്ചോ ആറോ സീറ്റുകളിൽ വിജയിക്കാമെന്നാണ് പാർട്ടി സംസ്ഥാന, ദേശീയ നേതൃത്വങ്ങളുടെ വിലയിരുത്തൽ. അത് വെറും സ്വപ്നം മാത്രമാണെന്ന് ഇടതു, വലതു പക്ഷങ്ങൾ പറയുമ്പോൾ അട്ടിമറിക്കുള്ള എല്ലാ തന്ത്രങ്ങളും പുറത്തെടുക്കുകയാണ് ബി.ജെ.പി. പാർട്ടി വിജയ പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. മൂന്ന് ലക്ഷത്തോളം വോട്ടുകളും ഇരുപത്തിയൊൻപത് ശതമാനം വോട്ടർമാരുടെ പിന്തുണയുമായി ബി.ജെ.പി കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ചിരുന്നു.

പക്ഷെ, കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ ഇത്തവണ കിട്ടുമെന്ന് ഉറപ്പില്ലെന്ന് ബി.ജെ.പി നേതാക്കൾക്ക് അറിയാം. സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രൻ ശബരിമല പ്രക്ഷാേഭ കാലത്ത് ഉണർത്തിവിട്ട ഹൈന്ദവ വികാരം ഏതാണ്ട് കെട്ടടങ്ങിയിട്ടുണ്ട്. എങ്കിലും അടിസ്ഥാന ഹിന്ദുവോട്ടുകൾ ബി.ജെ.പിക്ക് ഒപ്പം നിൽക്കുമെന്നാണ് കണക്കുകൂട്ടൽ. അത് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളുട‌െ അടുത്തെങ്ങും എത്തില്ല. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വിജയ പ്രതീക്ഷ പുലർത്തണമെങ്കിൽ മറ്റെന്തെങ്കിലും തരത്തിൽ വോട്ടു ധ്രുവീകരണം നടക്കണം. മത, സാമുദായിക വോട്ടുകൾ നിർണായകമായ മണ്ഡലമാണ് പത്തനംതിട്ട. എന്തൊക്കെ വികസന പദ്ധതികൾ കേന്ദ്ര, സംസ്ഥാന ഭരണപാർട്ടികൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചാലും മത നേതാക്കളുടെ കൽപ്പനയ്ക്ക് വലിയ വിഭാഗം വോട്ടർമാർ കാതോർക്കുന്നുണ്ട്. നവകേരള സദസുമായി മന്ത്രിസഭാ ബസ് എത്തിയത് ജനങ്ങൾക്കിടയിൽ വലിയ ഓളങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങളുമായി വികസിത് ഭാരത സങ്കൽപ്പ യാത്ര ഓരോ പഞ്ചായത്തുകളിലുമെത്തിയെങ്കിലും സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലാത്തതും ബി.ജെ.പി ഇതര പഞ്ചായത്തുകളുടെ ഭരണസമിതികളുടെ സഹകരണക്കുറവും കാരണം നാട്ടിൻപുറങ്ങളിൽ വലിയ ചർച്ചയാകാതെ പോയി. മോദി സർക്കാരിന്റെ വികസന പദ്ധതികളുടെ നേട്ടങ്ങൾ ലഭിച്ച ഗുണഭോക്താക്കളെ നേരിൽ കണ്ട് ബി.ജെ.പിക്ക് പിന്തുണ തേടിയിരിക്കുകയാണ് നേതാക്കൾ. പാർട്ടി പ്രതീക്ഷിക്കുന്ന പിന്തുണ അവരിൽ നിന്ന് ലഭിക്കുമെന്ന് ഉറപ്പില്ല.

ഓപ്പറേഷൻ ഓർത്തഡോക്സ്

അതുകൊണ്ടാണ് പുതിയ ചില തന്ത്രങ്ങൾ ബി.ജെ.പി നേതാക്കൾ പയറ്റുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്ന് ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ അമ്പരിപ്പിച്ചിരിക്കുകയാണ്. ക്രൈസ്തവ വിഭാഗങ്ങളുമായി ബി.ജെ.പി കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായി ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ നടത്തിയ സ്നേഹസംഗമത്തിന്റെ വേദിയിൽ ഓർത്തഡോക്സ് സഭ വലിയ മെത്രാപ്പൊലീത്ത കുര്യക്കോസ് മാർ ക്ളിമ്മീസിനെ എത്തിക്കാനായത് പാർട്ടിയുട‌െ വലിയ രാഷ്ട്രീയ വിജയമായി. പ്രധാന എതിരാളികളായ കോൺഗ്രസിനെയും സി.പി.എമ്മിനെയും ഇതു ഞെട്ടിച്ചിരിക്കുകയാണ്. അതീവ രഹസ്യമായി ബി.ജെ.പി നടത്തിയ ഓപ്പറേഷനിൽ ഒട്ടേറെ ഓർത്തഡോക്സ് സഭാ നേതാക്കളും കുടുംബാംഗങ്ങളും സ്നേഹ സംഗമത്തിൽ പങ്കെടുത്തു. ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ചടങ്ങിൽ വച്ച് ബി.ജെ.പി അംഗത്വം സ്വീകരിക്കുകയും ചെയ്തു. ക്രിസ്തീയ വിശ്വാസികളായ നാൽപ്പത്തിയേഴു ആളുകളും ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി വി. മുരളീധരനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. പൗരാണിക കാലം മുതൽ ബത്ലഹേം ക്രിസ്ത്യാനികളുടെ തീർത്ഥാടന കേന്ദ്രമായിരുന്നു എന്നതിന് തെളിവുകൾ ഉള്ളതുപോലെ അയോദ്ധ്യ രാമഭക്തരുടെ തീർത്ഥാടന കേന്ദ്രമായിരുന്നു എന്നതിന് തെളിവുകൾ ഉണ്ടെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാക്കുകൾക്ക് രാഷ്ട്രീയ പ്രസക്തിയേറെയാണ്.

ബി.ജെ.പിക്ക് ദേശീയ തലത്തിൽ ആർ.എസ്.എസിന്റെ ശക്തമായ ഹിന്ദുത്വ അടിത്തറയുണ്ട്. അതലൂന്നി നിന്നാണ് പാർട്ടി അതിന്റെ വേരുകൾ ഇന്ത്യയൊട്ടാകെ വ്യാപിപ്പിച്ചത്. ജനകീയ സ്വാധീനം വിപുലമാക്കുന്നതിന്റെ ഭാഗമായി ക്രൈസ്തവ വിഭാഗങ്ങളുമായി വലിയ ബന്ധം സ്ഥാപിച്ചിരിക്കുന്നു. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും നേതാക്കളോട് ക്രൈസ്തവ മത നേതാക്കൾക്ക് ഇപ്പോൾ അയിത്തമില്ല. പ്രധാനമന്ത്രി ഡൽഹിയിൽ നടത്തിയ സ്നേഹസംഗമത്തിൽ നിരവധി ക്രൈസ്ത സഭ ബിഷപ്പുമാർ പങ്കെടുത്തത് ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമായി. അതിന്റെ തുടർച്ചയെന്നോണമാണ് പത്തനംതിട്ടയിലും സ്നേഹസംഗമം നടന്നത്. ഓർത്തഡോക്സ് സഭ വലിയ മെത്രാപ്പൊലീത്തയും സഭാ നേതാക്കളും ബി.ജെ.പിയോട് അടുത്തത് യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. നിലവിലെ എം.പിയായ ആന്റോ ആന്റണിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ച വീണാ ജോർജ് ഓർത്തഡോക്സ് സഭയുടെ വലിയ വിഭാഗം വോട്ടുകൾ നേടിയത് ആന്റോയുടെ ഭൂരിപക്ഷം കുറച്ചിരുന്നു. ഓർത്തഡോക്സ്, യാക്കോബായ തർക്കത്തിൽ സഭയുടെ താത്പര്യം സർക്കരിൽ വേണ്ടവിധം അറിയിക്കുന്നതിൽ വീണാജോർജ് പരാജയപ്പെട്ടെന്ന വിലയിരുത്തൽ സഭാ നേതൃത്വത്തിനുണ്ട്.

സ്ഥാനാർത്ഥികൾ നിർണായകമാകും

ബി.ജെ.പി വിശ്വസിക്കാൻ കൊള്ളാവുന്ന പാർട്ടിയാണെന്ന് മത ന്യൂനപക്ഷങ്ങൾ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി അധികാരത്തിലെത്തിയത് ക്രൈസ്തവ വോട്ടുകളുടെ കൂടി പിൻബലത്തിലാണ്.

പത്തനംതിട്ട മണ്ഡലത്തിലെ രണ്ടു പ്രമുഖ ക്രിസ്ത്യൻ സമുദായങ്ങളായ മാർത്തോമ സഭയുമായും ഓർത്തഡോക്സ് സഭയുമായും ബി.ജെ.പിക്ക് അടുപ്പമുണ്ട്. മുൻ യു.ഡി.എഫ് ജില്ലാ കൺവീനറും മാർത്തോമസഭാംഗവുമായ വിക്ടർ ടി. തോമസ് ബി.ജെ.പി ദേശീയ സമിതിയംഗമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു, വലതു മുന്നണികളുടെ സ്ഥാനാർത്ഥികൾ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നാകുമെന്നാണ് പ്രചരിക്കുന്നത്. യു.ഡി.എഫ് നിലവിലെ എം.പി ആന്റോ ആന്റണിയെ തന്നെ പരിഗണിക്കുന്നു. എൽ.ഡി.എഫ് പട്ടികയിൽ റാന്നി മുൻ എം.എൽ.എ രാജു ഏബ്രഹാമും മുൻ മന്ത്രി ഡോ. തോമസ് എെസക്കുമാണുള്ളത്. ഇതുവരെ ഹിന്ദു സ്ഥാനാർത്ഥികളെ പരിഗണിച്ച ബി.ജെ.പി സഭകളുടെ പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ തന്നെ നിറുത്തിയേുക്കമെന്ന് അഭ്യൂഹങ്ങളുണ്ട്. അങ്ങനെയുണ്ടായാൽ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണയോടെ ബി.ജെ.പിക്ക് വലിയ മുന്നേറ്റം പ്രതീക്ഷിക്കാം.