ഓൺലൈൻ ഗെയിമിന് നികുതി: ഓർഡിനൻസ് രാജ്ഭവനിൽ

Thursday 04 January 2024 12:57 AM IST

തിരുവനന്തപുരം: പണം വച്ചുള്ള ഓൺലൈൻ ചൂതാട്ടങ്ങൾക്ക് 28ശതമാനം ജി.എസ്.ടി ചുമത്താനുള്ള ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി രാജ്ഭവനിൽ എത്തിച്ചു. ജൂലായിലെ ജി.എസ്.ടി കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഐ.ജി.എസ്.ടി നിയമത്തിൽ ഭേദഗതി വരുത്താൻ ഓർഡിനൻസ് കൊണ്ടുവന്നത്.

ഓൺലൈൻ ഗെയിമുകൾ, കാസിനോ, കുതിരപ്പന്തയം ഉൾപ്പെടയുള്ളവയ്ക്കാണ് 28ശതമാനം നികുതി.

ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതോടെ കേന്ദ്ര ജി.എസ്.ടി നിയമത്തിലെ മാറ്റങ്ങൾ സംസ്ഥാനത്തും പ്രാബല്യത്തിലാവും. വെള്ളിയാഴ്ച മുംബയിലേക്ക് പോവും മുൻപ് ഗവർണർ ഒപ്പിടുമെന്നാണ് സൂചന.

മൂന്ന് ജയിലുകളിലെ 5 തടവുകാരെ ശിക്ഷയിളവ് നൽകി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാർശയും ഇന്നലെ രാജ്ഭവനിൽ എത്തിച്ചു. ജുഡീഷ്യൽ സർവീസ് ഭേദഗതി ബില്ലും എത്തിച്ചു. നികുതി നിരക്കുകൾ ഭേദഗതി ചെയ്യാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാനുള്ള അനുമതി ഗവർണർ നൽകിയിട്ടുണ്ട്. വരുന്ന സമ്മേളനത്തിൽ അവതരിപ്പിക്കും.