ഇൻഡിഗോയ്‌ക്ക് കനത്ത തിരിച്ചടി; മനുഷ്യർക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾ എന്തിന് നൽകുന്നു? വിശദീകരണം തേടി ഫുഡ് സേഫ്‌റ്റി അതോറിറ്റി

Thursday 04 January 2024 4:00 PM IST

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിലെ യാത്രക്കാക്ക് വിളമ്പിയ സാൻഡ്‌വിച്ചിൽ നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യ(എഫ്‌എസ്‌എസ്‌‌എഐ). വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ എഫ്‌എസ്‌എസ്‌‌എഐ ഇൻഡിഗോയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിമാനത്തിൽ യാത്രക്കാരിക്ക് നൽകിയ ഭക്ഷണം മനുഷ്യർക്ക് കഴിക്കാൻ സുരക്ഷിതമല്ലാത്തതാണെന്നും, ഇതിൽ വിശദീകരണം വേണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ മാസം 29നാണ് ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിക്ക് നൽകിയ ചിക്കൻ സാന്‍ഡ്‍വിച്ചിൽ നിന്നും ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. യാത്രക്കാരി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഡൽഹിയിൽ നിന്ന് മുംബയിലേയ്‌ക്കുള്ള ഇൻഡിഗോയുടെ 6E 6107 വിമാനത്തിലെ യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. സാന്‍ഡ്‍വിച്ചില്‍ നിന്ന് പുഴുവിനെ ലഭിച്ചെന്ന് ഫ്ലൈറ്റ് അറ്റൻഡന്റിനെ അറിയിച്ചിട്ടും മറ്റ് യാത്രക്കാർക്ക് അതേ സാൻഡ്‌വിച്ച് വിളമ്പുന്നത് തുടർന്നുവെന്നും യുവതി പറയുന്നു.

പ്രായമായവരും കുട്ടികളും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്നു. ആർക്കെങ്കിലും അണുബാധയുണ്ടായാൽ എന്ത് ചെയ്യുമായിരുന്നു. വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കേണ്ട എന്ന് കരുതിയാണ് താനപ്പോള്‍ പരസ്യമായി പ്രതികരിക്കാതെ ജീവനക്കാരോട് പറഞ്ഞത്. എന്നാല്‍ സാന്‍ഡ്‍വിച്ചിന് ഗുണനിലവാരമില്ല എന്ന കാര്യം മറ്റ് യാത്രക്കാരെ അറിയിക്കാൻ വിമാന ജീവനക്കാർ തയ്യാറായില്ല. പകരം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും എന്നാണ് ജീവനക്കാരി പറഞ്ഞതെന്ന് യുവതി ആരോപിച്ചു.

ആരോഗ്യപ്രവർത്തകയായ യുവതി പുഴുവരിക്കുന്ന സാൻഡ്‌വിച്ചിന്റെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെ ഇൻഡിഗോയ്‌ക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ ഇൻഡിഗോ എയർലൈൻസ് യുവതിയോട് മാപ്പ് പറഞ്ഞു. ഈ സംഭവത്തിൽ സമഗ്രമായ പരിശോധന നടത്തുമെന്നും ഉപിതമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പാക്കുമെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.