അറബിക്കടലിൽ ലൈബീരിയൻ കപ്പൽ തട്ടിക്കൊണ്ടുപോകാൻ കടൽക്കൊള്ളക്കാരുടെ ശ്രമം; ഉടൻ രക്ഷകരായെത്തി ഇന്ത്യൻ നാവികസേന

Friday 05 January 2024 12:35 PM IST

ന്യൂഡൽഹി: അറബിക്കടലിൽ ലൈബീരിയൻ പതാക വച്ച കപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഇന്ത്യൻ നാവികസേന തടഞ്ഞു. യുകെഎംടിഒ പോർട്ടിലേയ്‌ക്കാണ് കപ്പലിൽ നിന്ന് സന്ദേശം ലഭിച്ചത്. ഉടൻ തന്നെ നാവികസേന രംഗത്തെത്തുകയായിരുന്നു. നാവികസേന വിമാനങ്ങൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനായി എത്തി.


ഐഎൻഎസ് ചെന്നൈ ആണ് വിദേശ കപ്പലിനെ കടൽക്കൊള്ളക്കാരിൽ നിന്ന് സഹായിക്കാനായി ഉപയോഗിച്ചത്. ഇന്ന് രാവിലെയാണ് വിമാനങ്ങൾ കപ്പലിന് മുകളിലൂടെ പറന്നത്. ഇതോടൊപ്പം കപ്പലിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനായി നിരന്തരം അവരുമായി ആശയവിനിമയവും നടത്തി. പ്രദേശത്തെ മറ്റ് ഏജൻസികളുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും നാവികസേന അറിയിച്ചു. രാജ്യത്തെത്തുന്ന വിദേശ രാജ്യങ്ങളുടെ വ്യാപാരക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന പ്രതിജ്ഞാബദ്ധമാണെന്നും അവർ അറിയിച്ചു.

അമേരിക്കൻ നാവികസേനയുടെ കണക്ക് പ്രകാരം, നവംബർ മുതൽ ചെങ്കടൽ പ്രദേശത്ത് ഏകദേശം രണ്ട് ഡസനോളം വ്യാപാര കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഈ ആക്രമണങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ നാവിക സേന ചെങ്കടലിലും ഏദൻ ഉൾക്കടലിലും വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്. നാവിക സേനയുടെ വിമാനങ്ങളും പ്രദേശത്ത് തുടർച്ചയായി നിരീക്ഷണം നടത്തുന്നുണ്ട്. ഇതോടൊപ്പം യുദ്ധക്കപ്പലുകളിൽ വിന്യസിച്ചിരിക്കുന്ന മറൈൻ കമാൻഡോകളും ഗൾഫ് ഒഫ് ഏദന് സമീപം കപ്പലുകൾ നിർത്തി പരിശോധനകളും നടത്തുന്നുണ്ട്.