വിധവയായ ഇരുപത്തിമൂന്നുകാരിക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നൽകി കോടതി; തീരുമാനം യുവതിയുടെ മാനസികനില പരിഗണിച്ച്
Friday 05 January 2024 1:34 PM IST
ന്യൂഡൽഹി: ഭർത്താവ് മരിച്ച യുവതിയ്ക്ക് ഗർഭഛിദ്രം നടത്താൻ ദില്ലി ഹൈക്കോടതി അനുമതി നൽകി. ഇരുപത്തിമൂന്നുകാരി 27 ആഴ്ച ഗർഭിണിയാണ്. യുവതിയുടെ മാനസികനില പരിഗണിച്ചാണ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ഉത്തരവ്.
കഴിഞ്ഞ ഒക്‌ടോബർ ഒൻപതിനാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. സംഭവത്തിന് ശേഷം യുവതി മാനസികമായി തകർന്നു. ഇരുപത്തിമൂന്നുകാരി മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആത്മഹത്യാപ്രവണതയടക്കമുണ്ടെന്നും ഗർഭാവസ്ഥ തുടരുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കാണിച്ച് എയിംസിലെ മാനസികാരോഗ്യ വിദഗ്ദ്ധർ റിപ്പോർട്ട് നൽകിയിരുന്നു.
ഗർഭഛിദ്രം നടത്താനുള്ള നടപടികൾ ആരംഭിക്കണമെന്ന് എയിംസിലെ ഡോക്ടർമാർക്ക് കോടതി നിർദേശം നൽകി. യുവതിയിപ്പോൾ എയിംസിൽ മാനസിക രോഗ ചികിത്സയിലാണ്. കഴിഞ്ഞ മാസം ഇവരുടെ മാനസികാരോഗ്യ പരിശോധന പൂർത്തിയാക്കിയിരുന്നു.