ടാറ്റ 12,000 കോടി, ജെഎസ്ഡബ്ല്യൂ 10,000 കോടി; ആഗോള കമ്പനികളുടെ ഇഷ്ട ഇടമായി തമിഴ്നാട്, നിക്ഷേപ പെരുമഴ

Sunday 07 January 2024 1:27 PM IST

ചെന്നൈ: തമിഴ്നാട്ടിലേക്ക് കോടികളുടെ നിക്ഷേപവുമായി ടാറ്റ, റിലയൻസ്, ജെഎസ്ഡബ്ല്യൂ തുടങ്ങിയ വൻകിട കമ്പനികൾ. ചെന്നൈ വേദിയായ ആഗോള നിക്ഷേപ സംഗമത്തിലാണ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം വിവിധ കമ്പനികൾ പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ 12.082 കോടി രൂപയുടെ മൊബൈൽ ഫോൺ അസംബ്ലി യൂണിറ്റാണ് ടാറ്റ ഇലക്ട്രോണിക്സ് പ്രഖ്യാപിച്ചത്. 45,500 പേർക്ക് തൊഴിൽ നൽകാൻ ഈ നിക്ഷേപ പദ്ധതികൾക്ക് സാധിക്കും.

ആപ്പിൾ അടക്കമുള്ള കമ്പനികൾക്ക് ആക്സസറീസ് വിതരണം ചെയ്യുന്ന പെഗട്രോൺ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തും. 8000 പേർക്ക് തൊഴിൽ നൽകാൻ ഈ പദ്ധതിക്ക് സാധിക്കും. ജെഎസ്ഡബ്ല്യൂ എനർജി 10000 കോടി രൂപയുടെ നിക്ഷേപം നടത്തും. 6,600 പേർക്ക് ജോലി നൽകാൻ ഇതിലൂടെ സാധിക്കും. തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിലാണ് ജെഎസ്ഡബ്ല്യൂ പദ്ധതി പ്രദേശമായി കണക്കാക്കുന്നത്. ഇവി വാഹനങ്ങളുടെ ബാറ്ററി നിർമ്മാണ പ്ലാന്റിന് വേണ്ടി ഹുണ്ടായ് കമ്പനി 6180 കോടി രൂപയുടെ നിക്ഷേപം നടത്താനും ധാരണയായിട്ടുണ്ട്.

വാഹന നിർമ്മാണ കമ്പനിയായ ടിവിഎസ് 5000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഡാനിഷ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ എപി മൊളർ മർസ്‌ക് തമിഴ്നാട്ടിലുടനീളം ഗതാഗത, ലോജിസ്റ്റിക് കേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. ജനുവരി 7,8 തീയതികളിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമം മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഉദ്ഘാടനം ചെയ്തത്. ആദ്യമായി നടക്കുന്ന നിക്ഷേപ സംഗമത്തിൽ 5 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഡിഎംകെ സർക്കാർ പ്രതീക്ഷിക്കുന്നത്. 2023 ആകുമ്പോഴേക്കും തമിഴ്നാടിലെ ഒരു ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ശക്തിയായി ഉയർത്തുകയാണ് ലക്ഷ്യം.