ഒന്നിനേയും ഭയക്കാത്ത ഇന്ത്യൻ നേവിയുടെ മാർക്കോസുകൾ, ക്രൂസ് മിസൈലുകളെ പോലും കൂസാത്ത സൊമാലിയൻ കടൽക്കൊള്ളക്കാർ ആ പേരുകേട്ടാൽ തടിതപ്പും

Monday 08 January 2024 12:53 PM IST

കൂറ്റൻ ചരക്കുകപ്പലുകളിലെ ജീവനക്കാരെ ഭയത്തിന്റെ തടവറയിൽ പൂട്ടിയിട്ട്, കോടികൾ കവരുന്നതാണ് സോമാലിയൻ കടൽക്കൊള്ളക്കാരുടെ രീതിശാസ്ത്രം. പക്ഷേ, ഇന്ത്യൻ നാവികശൗര്യത്തോട് പൊരുതാൻ മുതിരാതെ അവർ പേടിച്ചോടി. ഒരു കടൽക്കൊള്ള തടഞ്ഞതിൽ ഒതുങ്ങുന്നതല്ല, ഈ സംഭവത്തിന്റെ ആഴവും പരപ്പും. മാറിയ കാലം നൽകുന്ന ഒരു സന്ദേശം കൂടിയുണ്ട്. അധികാരക്കൊതിയുടെ ഭാവപ്പകർച്ച മൂലം തിരിച്ചും മറിച്ചും പ്രയോഗിക്കാവുന്ന ഒരു മാരകായുധമായി മാറിയിരിക്കുകയാണ് ഇപ്പോൾ ഭയം.

കടൽക്കൊള്ളക്കാർ റാഞ്ചിയത് ഒരു ഇന്ത്യൻ കപ്പലല്ല, ബഹ്‌റിനിലേക്ക് പോവുകയായിരുന്ന ഒരു ലൈബീരിയൻ കപ്പലാണ്. രക്ഷിക്കാൻ ആ കപ്പലിൽ നിന്ന് അയച്ച സന്ദേശം അമേരിക്കയുടെ നേതൃത്വത്തിലുള്ള നാവികസന്നാഹം പോലും കേട്ടതായി ഭാവിച്ചില്ല. ഭാവിക്കാത്തതിന് ഒരു കാരണമേയുള്ളൂ- വരുംവരായ്കകൾ ഓർത്തുള്ള ഭയം. കപ്പൽ പാതയിൽ സുരക്ഷ ഉറപ്പാക്കാൻ ആ ഭാഗത്ത് റോന്ത് ചുറ്റുന്ന ഇന്ത്യൻ നാവിക വ്യൂഹത്തിലെ പടക്കപ്പൽ ഐ.എൻ.എസ് ചെന്നൈയാകട്ടെ, ആ വിളി കേട്ടതും അങ്ങോട്ട് കുതിച്ചു. ഭയവുമായുള്ള പോരാട്ടത്തിൽ ഇന്ത്യൻ വിജയം ആരംഭിക്കുകയായിരുന്നു.

ഭീകരവും ആദായകരവുമായ ഒരു വൻകിട വ്യവസായം പോലെയാണ് സോമാലിയൻ കടൽക്കൊള്ള. പേടിക്കാൻ ഒട്ടും കൂട്ടാക്കാതെ, പേടിപ്പിക്കാനുള്ള മാരകമനക്കരുത്ത് മാത്രമാണ് മൂലധനം. ഒരു കണക്കനുസരിച്ച് 2011ൽ ഇരുനൂറോളം കപ്പലുകളെയാണ് കൊള്ളയടിച്ചത്. ഒരു വർഷം 1800 കോടി ഡോളർ (1.4 ലക്ഷം കോടിയിലേറെ രൂപ) വരെയാണ് ഈ കൊള്ള മൂലമുള്ള ആഗോളനഷ്ടം. പേടിച്ചാൽ അവരെ സംബന്ധിച്ച് അതിന് ഒരു അർത്ഥമേയുള്ളൂ- മൂലധനം തന്നെ കളഞ്ഞുകളിച്ചുവെന്ന്.

പക്ഷേ, ആ മൂലധനം ഉപേക്ഷിച്ചാണ് അവർ ജീവനും കൊണ്ടോടിയത്. നേരിടാൻ പാഞ്ഞുചെന്ന ഇന്ത്യൻ പടക്കപ്പലിൽ ആക്രമണലക്ഷ്യം സൂക്ഷ്മമായി കണ്ടെത്താനുള്ള റഡാർ സംവിധാനം മുതൽ ശബ്ദാതിവേഗമുള്ള ക്രൂസ് മിസൈൽ ബ്രഹ്മോസും ടോർപ്പിഡോകളും വരെയുണ്ടായിരുന്നു. എന്നാൽ, അവർ ഓടിയത് ഈ പ്രഹരശേഷി ഭയന്നല്ല, ഇന്ത്യൻ നാവിക കമാൻഡോകളായ 'മാർക്കോസുകൾ' എത്തുന്നുവെന്ന് അറിഞ്ഞാണ്. പേടിക്കാത്തവരെ പേടിപ്പിക്കാനാവില്ലെന്ന് കൃത്യമായി അറിയാവുന്നത്, ഭയം ഒരു ആയുധമായി ഉപയോഗിക്കുന്നവർക്കാണ്. ഒന്നിനെയും പേടിക്കാത്തവരാണ് സർവ്വസജ്ജരായ മാർക്കോസുകളെന്ന് അറബിക്കടലിൽ അഭ്യാസം കാണിക്കുന്നവർക്കൊക്കെ അറിയാം. ഇപ്പോൾ അത് ലോകമാകെ അറിഞ്ഞു.

മാറിയ കാലത്ത് ഭയം ഒരു ആയുധമായി മാറുന്നത് എങ്ങനെയെന്ന് വ്യക്തമാകാൻ ഈ സംഭവം മാത്രം മതിയാകില്ല. ആയുധബലത്തിന്റെയും പ്രഹരശേഷിയുടെയും ഏത് ഗണിതശാസ്ത്രം ഉപയോഗിച്ചാലും ഒരു പ്രഹേളിക പോലെ തുടരുന്ന രണ്ട് സംഭവങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്.

ലോകമഹാശക്തികളിൽ ഒന്നായ റഷ്യ, താരതമ്യേന ഒരു കുഞ്ഞുരാജ്യമായ യുക്രെയിനുമായി യുദ്ധം തുടങ്ങിയിട്ട് വർഷം രണ്ടാകാൻ പോകുന്നു. ഇനി വേണം യുദ്ധത്തിന് ഒരു അറുതിവരാൻ. ആണവായുധങ്ങളുടെ പോലും ഒരു കൂമ്പാരം തന്നെയുണ്ട്, റഷ്യയുടെ ആയുധക്കലവറയിൽ. പക്ഷേ, യുക്രെയിനെതിരെ ഭയം ഒരു ആയുധമായി പ്രയോഗിക്കാൻ യുദ്ധം തുടങ്ങിയപ്പോഴോ തുടർന്നപ്പോഴോ റഷ്യയ്ക്ക് കഴിഞ്ഞില്ല. ഭയത്തിന്റെ അഭാവത്തിൽ യുക്രെയിൻ കീഴടങ്ങാൻ കൂട്ടാക്കുന്നുമില്ല.

നിർമ്മിതബുദ്ധി വരെ പ്രയോജനപ്പെടുത്തി ആയുധങ്ങളുടെ മൂർച്ചയും പ്രഹരശേഷിയും വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന, ഭീകരതയുടെ ഭാഷയിലും അതീവ പ്രാവീണ്യമുള്ള ഇസ്രയേൽ, ഒരു സേനയെന്ന് വിശേഷിപ്പികാനാവാത്ത വിധം അംഗബലം കുറഞ്ഞ ഹമാസിനെതിരെ യുദ്ധം തുങ്ങിയിട്ട് മാസം മൂന്നായി. ഹമാസ് ഇനിയും കീഴടങ്ങിട്ടില്ലെന്ന് മാത്രമല്ല, ചെറുത്തുനില്പ് തുടരുകയുമാണ്. ഭയം എന്ന ആയുധം ഫലപ്രദമായി പ്രയോഗിക്കാനോ പ്രയോജനപ്പെടുത്താനോ ഇസ്രയേലിന് കഴിഞ്ഞില്ല.

പ്രഹരശേഷി പൂർണ്ണമായി പ്രയോഗിക്കുന്നതിന് റഷ്യയ്കും ഇസ്രയേലിനും തടസ്സം മാനുഷിക മൂല്യങ്ങളോടുള്ള ആദരവാണോ? അല്ല. മാനുഷികമൂല്യങ്ങളുടെ ശവപ്പറമ്പുകളാണ് യുക്രെയിനിലെയും ഗാസയിലെയും ജനവാസകേന്ദ്രങ്ങൾ. തിരിഞ്ഞും കുത്തുന്ന ഭയമാണ് യഥാർത്ഥ കാരണം. സ്വന്തം സേന തിരിഞ്ഞേക്കുമോയെന്ന ഭയം ഭരണസാരഥികളെ വേട്ടയാടുകയാണ്. വീണ്ടുവിചാരത്തിന്റെ വിത്തുകൾ എപ്പോൾ വേണമെങ്കിലും പൊട്ടിമുളയ്കാമെന്നിരിക്കെ, അതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

അധികാരഭ്രമം ഭയത്തെ വിളിച്ചുവരുത്തും

കനകത്തിനും കാമിനിക്കും പുറമെ, 'അടങ്ങാത്ത' അധികാരഭ്രമം കൂടി കലഹത്തിന് കാരണമാകാൻ തുടങ്ങിയതോടെയാണ് ഭയവും ഒരു ആയുധമായി മാറാൻ തുടങ്ങിയത്. മനസിന്റെ അപഥസഞ്ചാരമാണ്, കടിഞ്ഞാണുകൾ അഴിഞ്ഞുവീണ് അധികാരക്കൊതി ഒരു മാനസികവിഭ്രമമായി മാറാൻ വഴിവയ്കുന്നത്. ഫലമോ, മനസിന്റെ തന്നെ മറ്റൊരു സൃഷ്ടിയായ ഭയവും കടിഞ്ഞാണുകൾ പൊട്ടിച്ച് ഒരു ഒഴിയാബാധ പോലെ ഒപ്പം കൂടുന്നു. ലോകത്ത് ഏറ്റവും ഭയത്തോടെ കഴിഞ്ഞിരുന്നവരും കഴിയുന്നവരും അധികാരത്തിന്റെ കൊടുമുടികൾ ലഹരിയാക്കിയ ഭരണാധികാരികളാണ്.

ഇന്ത്യൻ ദൗത്യത്തിന് മൂന്ന് കാരണങ്ങൾ--value addition

 സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയത് ലൈബീരിയൻ കപ്പലാണെങ്കിലും 21 ജീവനക്കാരിൽ. 15 പേരും ഇന്ത്യാക്കാരായിരുന്നു. ലോകത്ത് എവിടെ ആയാലും, ഏത് സാഹചര്യത്തിലായായാലും സ്വന്തം പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ എത്തുമെന്ന സന്ദേശം കൂടി നൽകുന്നതായിരുന്നു, രക്ഷാദൗത്യം.

 കടൽ മാർഗ്ഗമുള്ള ഇന്ത്യയുടെ ചരക്കു ഗതാതഗതത്തിൽ 20 ശതമാനവും നടക്കുന്നത് ചെങ്കടലിൽ നിന്ന് അറബിക്കടലിലേക്ക് നീളുന്ന കപ്പൽപ്പാതയിലൂടെയാണ്. ഈ മാർഗ്ഗം തടസ്സപ്പെട്ടാൽ ഇറക്കുമതിച്ചെലവിൽ 13 ശതമാനത്തിന്റെ വർദ്ധന വരുമെന്നാണ് നിഗമനം. കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കും.

 അറബിക്കടലിലെ ചരക്കുഗതാഗതം സുഗമമാക്കാനുള്ള ഇന്ത്യയുടെ ദൗത്യം ഒറ്റയ്കാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ചെങ്കടൽ സംരക്ഷണ സഖ്യത്തിൽ ഇന്ത്യ പങ്കാളിയായില്ല. ഈ രക്ഷാദൗത്യത്തിലൂടെ അതിന്റെ ആവശ്യമില്ലെന്ന് തെളിയിച്ച് ഒരു നയതന്ത്ര വിജയം കൂടി നേടുകയായിരുന്നു, ഇന്ത്യ.

Advertisement
Advertisement