ആനിക്ക് ജീവിതം ഓർക്കിഡ്, വരുമാനം മാസം അരലക്ഷം

Tuesday 09 January 2024 12:00 AM IST

തൃശൂർ: ഓർക്കിഡ് പൂന്തോട്ടമുണ്ടാക്കി വീട്ടിൽ കഴിഞ്ഞ ഞായറാഴ്ച മുതൽ ഫ്‌ളവർഷോ തുടങ്ങിയിരിക്കുകയാണ് 65 വയസുകാരി ആനി സെബാസ്റ്റ്യൻ. ഇരിങ്ങാലക്കുട അവിട്ടത്തൂർ അമ്പൂക്കൻ തരകൻപറമ്പിലെ വീട്ടുവളപ്പിൽ രാവിലെ 9.30ന് തുടങ്ങി രാത്രി എട്ടു വരെയാണ് പ്രവേശനം. 25 സെന്റ് പുരയിടത്തിൽ വീടൊഴിച്ചുള്ള സ്ഥലത്ത് ചട്ടികളിലാക്കി വച്ച ഓർക്കിഡ് ചെടികളിൽ നിറയെ പൂക്കൾ. 600 ഇനങ്ങളിലായി പതിനായിരത്തോളം ചെടികളുണ്ട്.

ഒന്നര വർഷമായി ഇവയുടെ വിൽപ്പനയിലൂടെ കൈനിറയെ പണവും ലഭിക്കുന്നുണ്ട്. 300 മുതൽ രണ്ടായിരം രൂപവരെയാണ് വില. പ്രതിമാസം ലഭിക്കുന്നത് ശരാശരി 50,000 രൂപ. കോട്ടയം, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം, മുംബയ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് കൂടുതലും വാങ്ങുക. പഠനകാലത്ത് ആനിക്ക് പൂക്കളോട് പ്രിയമായിരുന്നു. പത്താം ക്‌ളാസിനുശേഷം വിവാഹിതയായി.

പൂക്കൾ കൂടുതൽ കാലം നിൽക്കുമെന്നതാണ് 16 വർഷം മുമ്പ് ഓർക്കിഡിലേക്ക് ആനിയെ ആകർഷിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആറു വർഷത്തോളം ഇടവേളയുണ്ടായെങ്കിലും കഴിഞ്ഞ നാലു വർഷമായി സജീവമാണ്. മൊക്കാറ ഇനങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. ഫ്‌ളവർഷോകളിൽ നിന്നും മൊത്തവിൽപ്പനക്കാരിൽ നിന്നും പുതിയവ വാങ്ങി വളർത്തും.


നിത്യവസന്തം: പ്രേരണ അമ്മ

തോട്ടത്തിൽ പുതിയ പൂക്കൾ വിരിയുന്നത് ഇപ്പോഴും ശ്രദ്ധിക്കാറുള്ള അമ്മ കുഞ്ഞലക്കുട്ടിയിൽ (93) നിന്നാണ് ആനിയും പൂക്കളുടെ വഴിയിലെത്തിയത്. പരിപാലനത്തിന്റെ ബാലപാഠവും അമ്മയിൽ നിന്നാണ്. ആനിയുടെ ഭർത്താവ് സെബാസ്റ്റ്യൻ (ബിസിനസ്). മക്കൾ: ജോമോൻ, നീതു.

മൊക്കാറ, ഡെൻഡ്രോബിയം, പിങ്ക് സ്‌ട്രൈപ്പ്, പിങ്ക് എഡ്ജ്, ഡാർക്ക് എഡ്ജ്, മജന്ത ലിപ്‌സ്, സോണിയ വൈറ്റ്, വൈറ്റ് സ്പ്‌ളാഷ്, ലിബർട്ടി സ്‌ട്രൈപ്പ്, ആന്റലോപ്, ട്വിസ്റ്റ്, സൺഡേ റെഡ്, ഫാലെനോപ്‌സിസ്, ചവോപ്രായ എല്ലോ തുടങ്ങിയ ഇനങ്ങൾ ഇവിടെയുണ്ട്.

രാവിലെയും വൈകിട്ടുമായി ഏഴ് മണിക്കൂർ പരിപാലിക്കും. പൂക്കൾ നിത്യസന്തോഷം തരുന്നു.

- ആനി

Advertisement
Advertisement