ബിൽക്കിസ് ബാനുവിന് പരമോന്നത നീതി ; ഗുജറാത്ത് സർക്കാരിന് കഠിനതാക്കീത്, 11കുറ്റവാളികളും തിരികെ ജയിലിലേക്ക്
ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിലെ ഇര ബിൽക്കിസ് ബാനുവിന് രാജ്യത്തെ പരമോന്നത കോടതി നൽകിയ നീതി ചരിത്രവിധിയായി. 11 കുറ്റവാളികൾക്കും ശിക്ഷായിളവ് നൽകി മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിയെ അതിരൂക്ഷമായ വിമർശനത്തോടെയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഗുജറാത്ത് സർക്കാരിന്റെ നടപടികൾ അധികാരം കവർന്നെടുക്കുന്നതിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും ഉത്തമ ഉദാഹരണമാണ്. കുറ്റവാളികൾക്ക് ഇളവു നൽകുകവഴി നിയമവാഴ്ച ലംഘിക്കുന്നത് വ്യക്തമാക്കുന്ന ക്ലാസിക് കേസാണിതെന്നും കോടതി നിരീക്ഷിച്ചു.
ഗുജറാത്ത് സർക്കാർ കുറ്റവാളികൾക്കൊപ്പം ഒത്തുകളിച്ചു. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ ശിക്ഷായിളവിൽ തീരുമാനമെടുക്കാൻ ആ സംസ്ഥാനത്തിനാണ് അധികാരം. ബിൽക്കിസിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും, മൂന്നര വയസുള്ള കുഞ്ഞിനെ അടക്കം ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികൾ രണ്ടാഴ്ചയ്ക്കകം ജയിലിൽ കീഴടങ്ങണം. ജീവപര്യന്തമായിരുന്നു ഇവരുടെ ശിക്ഷ. 2022ലെ സ്വാതന്ത്ര്യദിനത്തിലാണ് വിട്ടയയച്ചത്.
നിയമവാഴ്ച ഉയർത്തിപിടിക്കുന്നതിൽ കോടതി വഴിവിളക്കായി മാറേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ച് വിധിയെഴുതി. അതിജീവിതയുടെ അടക്കം പൊതുതാത്പര്യഹർജികളിലാണ് നടപടി.
കല്ലിൽ കൊത്തിയ കോടതിവാക്കുകൾ
1. ജനാധിപത്യത്തിൽ നിയമവാഴ്ച സംരക്ഷിക്കപ്പെടണം. അക്കാര്യത്തിൽ അനുകമ്പയ്ക്കും സഹാനുഭൂതിക്കും കാര്യമില്ല.നിയമവാഴ്ച പാലിക്കാതെ നീതി നടപ്പാക്കാനാവില്ല. പ്രത്യാഘാതം നോക്കേണ്ടതില്ല.
2. നീതി എന്നതിൽ ഇരയുടെ അവകാശങ്ങളും ഉൾക്കൊള്ളുന്നു. കുറ്റവാളികൾക്ക് നീതി ലഭിക്കാൻ മാത്രമാകരുത് നിയമം
3. കുറ്റവാളികൾക്ക് കുറ്രത്തിന്റെ അനന്തരഫലങ്ങൾ മറികടക്കാൻ കഴിയുന്ന സ്ഥിതിവന്നാൽ, നിയമവാഴ്ച മരിചീകയാവും
തെറ്റിദ്ധരിപ്പിച്ച് ഇളവുകൾ നേടി
1. സുപ്രീംകോടതിയിൽ ഫ്രോഡ് കളിച്ചു നേടിയ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷായിളവ്
2. 14 വർഷത്തിലേറെ നീണ്ട തടവുകാലത്ത് ഏറെയും പരോൾ ആസ്വദിക്കുകയായിരുന്നു
3. കോടതി ഉത്തരവിനെ അസാധുവാക്കാൻ ലൈസൻസ് നൽകുന്നതിന് തുല്യമാണിത്
4. ഏകപക്ഷീയമായ നടപടികൾ എത്രയും വേഗം തിരുത്തേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണ്
പരിഗണിച്ച വിഷയങ്ങളും മറുപടിയും
1. ശിക്ഷായിളവിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച റിട്ട് ഹർജി നിലനിൽക്കുമോ ?
സുപ്രീംകോടതി: നിലനിൽക്കും
2. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയിത്ര തുടങ്ങിയവർ സമർപ്പിച്ച പൊതുതാത്പര്യഹർജികൾ നിലനിൽക്കുമോ ?
അതിജീവിത തന്നെ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടതില്ല
3. ശിക്ഷായിളവ് നൽകാൻ ഗുജറാത്തിന് അധികാരമുണ്ടോ?
ശിക്ഷ വിധിച്ച കോടതി നിലനിൽക്കുന്ന സംസ്ഥാനമാണ് തീരുമാനമെടുക്കേണ്ടത്.
4. ശിക്ഷായിളവ് നിയമപരമോ ?
ഗുജറാത്ത് സർക്കാരിന്റെ നടപടി നിയമവാഴ്ച ലംഘിക്കുന്നത്. ഇല്ലാത്ത അധികാരം കവർന്നെടുത്തു.
'' ജുഡിഷ്യറിയിലെ വിശ്വാസം ഉറപ്പിക്കുന്നതാണ് വിധി. അത് ആശ്വാസം നൽകുന്നു. എന്നാൽ, പോരാട്ടം പൂർണാർത്ഥത്തിൽ വിജയം കൈവരിച്ചിട്ടില്ല.
-ബിൽക്കിസ് ബാനുവിന്റെ കുടുംബം.
''ബി.ജെ.പി സർക്കാരിനെതിരെയുള്ള നീതിയുടെ വിജയം. കുറ്റവാളികളുടെ രക്ഷാധികാരി ആരെന്ന് കോടതിവിധിയിലുടെ ഒന്നുകൂടി വ്യക്തമായി.
- രാഹുൽ ഗാന്ധി