ചിറക് വിടർത്താൻ ഒരുങ്ങി ഗഗൻയാൻ, ജൂണിന് മുമ്പ് ഒന്നാം പരീക്ഷണപറക്കൽ

Tuesday 09 January 2024 4:17 AM IST

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണപറക്കൽ ജൂണിന് മുൻപ് നടത്തും. മനുഷ്യപേടകവുമായി യാത്രികരില്ലാതെയാണ് ആദ്യപറക്കൽ. പിന്നീട് റോബോട്ടുമായി രണ്ടാം പറക്കൽ നടത്തും. മനുഷ്യരുമായുള്ള പറക്കൽ 2025ലാണ്. 2014ൽ പ്രഖ്യാപിച്ച പദ്ധതി കൊവിഡ് മൂലമാണ് വൈകിയത്.

ആദ്യ പരീക്ഷണപറക്കലിൽ ഗഗൻയാൻ സർവീസ് മൊഡ്യൂളും ക്രൂ മൊഡ്യൂളും ഉൾപ്പെടുന്ന ഓർബിറ്റൽ മൊഡ്യൂൾ എന്ന ഗഗൻയാൻ പേടകം ജി.എസ്.എൽ.വി. റോക്കറ്റുപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തിൽ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കും. ഭൂമിയിൽ നിന്ന് 165കിലോമീറ്റർ ഉയരത്തിൽ ഓർബിറ്റൽ മൊഡ്യൂൾ വിക്ഷേപിക്കും. അത് പിന്നീട് മുകളിലേക്ക് ഉയർത്തി 350കിലോമീറ്ററിന് മേലെ എത്തിക്കും. അവിടെ നിന്ന് ഭൂമിയെ ഒരു തവണ പ്രദക്ഷിണം വയ്ക്കും. പിന്നീട് ഭൂമിയിലേക്ക് തിരിച്ചുവന്ന് കടലിൽ പതിക്കും. പേടകത്തിൽ യാത്രക്കാരോ വയോമിത്രയെന്ന റോബോട്ടോ ഉണ്ടാകില്ല.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കാൻ കഴിഞ്ഞതും ലഗ്രാഞ്ച് പോയന്റിൽ പേടകം സ്ഥാപിക്കാൻ കഴിഞ്ഞതും ഐ.എസ്.ആർ.ഒയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഗഗൻയാൻ പദ്ധതിയുടെ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായി. പേടകവും റോക്കറ്റും ലൈഫ് സപ്പോർട്ട് സംവിധാനവും കൃത്യതയാർന്ന സോഫ്റ്റ് വെയറുകളും അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള സംവിധാനങ്ങളും തയ്യാറായി. യാത്രയ്ക്കായി മൂന്ന് വ്യോമസേനാംഗങ്ങൾക്ക് പരിശീലനവും നൽകി.

10,000 കോടി രൂപയാണ് പദ്ധതി ചെലവ്. വിജയിച്ചാൽ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. റഷ്യ, അമേരിക്ക, ചെെന എന്നിവരാണ് മറ്റ് രാജ്യങ്ങൾ.

തിരിച്ചിറക്കുന്നത് കടലിൽ

 മൂന്ന് യാത്രക്കാരുമായി പേടകം 400 കിലോമീറ്റർ മുകളിലായി ഭൂമിയെ വലംവയ്ക്കും

 മൂന്ന് ദിവസം അവിടെ തുടർന്നേക്കും

 പേടകം വിക്ഷേപിക്കുക ഭൂമിയിൽ നിന്ന് 120 കിലോമീറ്റർ മുകളിൽ.

 പിന്നീടത് മുകളിലേക്ക് നീങ്ങി 400 കിലോമീറ്ററിലെത്തും

 തിരിച്ച് 36 മിനിറ്റിൽ താഴെയെത്തും

 ഇതിനായി ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ളിഷ്മെന്റ് തയ്യാറാക്കിയ പത്ത് പാരച്യൂട്ടുകൾ.

 ഇത് പേടകത്തെ നിയന്ത്രിച്ച് കടലിലിറക്കും.

ഒരുക്കങ്ങൾ ഇതുവരെ

 12 വ്യോമസേനാംഗങ്ങളെ 2018ൽ തിരഞ്ഞെടുത്ത് റഷ്യയിലെ ഗ്ളോവ്കോസ്മോസ് ബഹിരാകാശ കേന്ദ്രത്തിൽ പരിശീലനം നൽകി. പിന്നീട് ബംഗളൂരുവിൽ പ്രത്യേകപരിശീലന കേന്ദ്രത്തിൽ പരിശീലനം തുടരുകയാണ്.

 പ്രതിരോധവിഭാഗത്തിന്റെ ബയോഎൻജിനിയറിംഗ്

 ഇലക്ട്രോ മെഡിക്കൽലബോറട്ടറി തയ്യാറാക്കിയ പ്രത്യേകസ്യൂട്ടുകൾ

 റഷ്യയിൽ നിന്നെത്തിച്ച ഷോക്ക് അബ്സോർബിംഗ് സീറ്റുകൾ

 സഞ്ചാരികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത് മൈസൂരിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലബോറട്ടറിയിൽ

 ആളില്ലാ വിക്ഷേപണത്തിന് 2020ൽ വയോമിത്ര എന്ന റോബോട്ടിനെ പുറത്തിറക്കി.

 പാഡ് അബോർട്ട് ടെസ്റ്റ് 2018 വിജയിച്ചു.

 ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറ മെച്ചപ്പെടുത്തുന്ന ജോലി 2019ൽ പൂർത്തിയായി.

 പാരച്യൂട്ട് എയർഡ്രോപ്പ്ടെസ് 2019 നവംബറിൽ നടത്തി.

 ദൗത്യത്തിനായി മൂന്ന് സെറ്റ് റോക്കറ്റുകൾ, മൂന്ന് സെറ്റ് ക്രൂമൊഡ്യൂൾ പേടകങ്ങൾ എന്നിവയൊരുക്കി.

 ജി.എസ്.എൽ.വി റോക്കറ്റ് മനുഷ്യപേടകം വഹിക്കാനുള്ള രീതിയിൽ ശക്തിപ്പെടുത്തി.

 ക്രൂമൊഡ്യൂൾ തയ്യാറാക്കി. പേടകത്തിനുള്ളിൽ ജീവൻനിലനിറുത്താനുള്ള പരിസ്ഥിതിയും വാർത്താവിനിമയ സംവിധാനങ്ങളും ഒരുക്കി.ഇതിന് പുറമെ സർവീസ് മൊഡ്യൂളും പേടകത്തിനൊപ്പമുണ്ടാകും. അതിൽ വൈദ്യുതി സംവിധാനം, ഇന്ധനം,എന്നിവ സൂക്ഷിക്കും. ബംഗളൂരുവിലെ എച്ച്. എ.എല്ലാണിതെല്ലാം നിർമ്മിച്ചത്.

 ഓർബിറ്റൽ മൊഡ്യൂൾ നിർമ്മാണം അന്തിമഘട്ടത്തിൽ

 മൈക്രോഗ്രാവിറ്റി പരീക്ഷണം ഉടൻ നടത്തും.

 ഗ്രൗണ്ട് നെറ്റ് വർക്ക് സംവിധാനങ്ങൾ പൂർത്തിയായി.

Advertisement
Advertisement