ഗവർണർ നിർബന്ധപൂർവം ചെയ്യേണ്ടിവരും: എം.വി.ഗോവിന്ദൻ
തളിപ്പറമ്പ്:നയപ്രഖ്യാപനം അടക്കം ഭരണഘടനാപരമായ കാര്യങ്ങൾ ഗവർണർക്ക് നിർബന്ധപൂർവ്വം നിർവഹിക്കേണ്ടിവരുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ.ഗവർണർ ആരായാലും ഭരണഘടനാ ബാദ്ധ്യത നിർവഹിക്കാൻ ചുമതലപ്പെട്ടയാളാണ്. അത് നിർവഹിക്കണം. ഇടുക്കിയിലെ കർഷകർ രാജ്ഭവന് മുന്നിൽ നടത്തുന്ന മാർച്ച് വിജയമാകുമെന്ന് കണ്ടപ്പോൾ ഗവർണർ ഇടുക്കിയിലേക്ക് യാത്ര തീരുമാനിച്ചു. അതിന്റെ പശ്ചാത്തലത്തിലാണ് ഇടുക്കിയിലെ പ്രതിഷേധം. .ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തതുകാരണം കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് ലഭിക്കാതിരിക്കുന്നത് .അതിന് ന്യായീകരണം പറയാൻ ഗവർണർക്കില്ല. സ്വാഭാവികമായി ഒപ്പിട്ട് ഈ ബില്ലുകൾ നിയമമാക്കണമെന്നും എം.വി.ഗോവിന്ദൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല: ഗവർണർ
സ്ഥാപിത താത്പര്യങ്ങൾക്ക് വഴങ്ങില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, സമ്മർദ്ദത്തിലാക്കി തന്നെക്കൊണ്ട് തീരുമാനമെടുപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് ഗവർണർ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'ബ്ലഡി കണ്ണൂരെ"ന്ന് വിളിച്ചിട്ടില്ല. 'ബ്ലഡി പൊളിറ്റിക്സ്"എന്നാണ് പറഞ്ഞത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെയാണ് വിമർശിച്ചത്. തൊടുപുഴയിൽ ഇന്ന് പങ്കെടുക്കുന്നത് വ്യാപാരികളുടെ കാരുണ്യ പരിപാടിയിലാണെന്നും ഗവർണർ പറഞ്ഞു.