കുടുംബാംഗങ്ങൾ ടൂറിന് പോയപ്പോൾ പൂട്ടിയിട്ട വീട്ടിൽ മോഷണം
ചെറുവത്തൂർ: കുടുംബാംഗങ്ങൾ ടൂർ പോയ സമയത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. വിദേശ കറൻസിയടക്കം അൻപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പൊലീസിൽ നിന്നുള്ള വിവരം. ചെറുവത്തൂർ കയ്യൂർ റോഡിലുള്ള ബാലകൃഷ്ണൻ - ജയഭാരതി ദമ്പതികളുടെ ഇരുനില വീട്ടിലാണ് ഇന്നലെ പുലർച്ചയോടെ മോഷണം നടന്നത്. വില പിടിപ്പുള്ള രണ്ട് മൊബൈയിൽ ഫോൺ, വിലയേറിയ വസ്ത്രങ്ങൾ, വിദേശ കറൻസി എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്.
രാവിലെ പതിവ് പോലെ പത്രവിതരണക്കാരൻ വീട്ടുമുറ്റത്തെത്തിയപ്പോഴാണ് മോഷണത്തിന്റെ സൂചനകൾ കണ്ടത്. തുടർന്ന് അയൽവാസികളെയും പിന്നീട് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ചന്തേര എസ്.ഐ സി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് വീട്ടുടമയെ വിളിച്ചു വരുത്തി.
മുറികളിലുണ്ടായിരുന്ന നാലു ഷെൽഫുകൾ തുറന്ന് തുണിയടക്കമുള്ള സാധന സാമഗ്രികൾ വലിച്ച് പുറത്തിട്ട നിലയിലും കണ്ടെത്തി. ഗൃഹനാഥനായ ബാലകൃഷ്ണന്റെ മകളും ഭർത്താവും ഏതാനും ദിവസ ങ്ങൾക്ക് മുൻപ് ഖത്തറിൽ നിന്ന് നാട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ വ്യാഴാഴ്ച കുടുംബത്തിലെ എല്ലാവരും ടൂർ പോയത്.