ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും എത്തുമ്പോൾ

Tuesday 09 January 2024 12:16 AM IST

ധാക്ക: ബംഗ്ലാദേശിൽ തുടർച്ചയായി നാലാം തവണയും വിജയിച്ച് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുമ്പോൾ പിറന്നത് ചരിത്രം. അഞ്ച് തവണയാണ് ഹസീന പ്രധാനമന്ത്രിയായിട്ടുള്ളത്.

പ്രതിപക്ഷം ആഹ്വാനം ചെയ്ത ബഹിഷ്‍കരണത്തിനിടെ നടന്ന വോട്ടെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് മാത്രം 300ൽ 223 സീറ്റുകൾ നേടി. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമ്മ ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആശംസ അറിയിച്ചു. പരസ്പര പിന്തുണയും സഹകരണവും ശക്തമാകുമെന്ന് അദ്ദേഹം അറിയിച്ചു.

ഗോപാൽഗഞ്ച് മണ്ഡലത്തിൽ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 1986ന് ശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്. ഇനി 2028 വരെ പ്രധാനമന്ത്രി പദത്തിൽ തുടരാം. വോട്ടെടുപ്പിനോടനുബന്ധിച്ചും അക്രമങ്ങൾ നടന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരീക്ഷകർ ബംഗ്ലാദേശിലുണ്ടായിരുന്നു. അതേസമയം, വിജയാഹ്ലാദ പ്രകടനങ്ങൾ വേണ്ടെന്ന് ഹസീന പ്രവർത്തകരോട് പറഞ്ഞു. രാജ്യം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ ആഹ്ലാദ പ്രകടനം വേണ്ടെന്നാണ് ഹസീനയുടെ നിർദ്ദേശം.

പ്രതിപക്ഷമില്ലാതെ

ഇത്തവണ കൂടി വിജയിച്ചതോടെ രാജ്യത്തു നാലു തവണ തുടർച്ചയായി പ്രധാനമന്ത്രിയാകുന്ന വ്യക്തി എന്ന വിശേഷണം 76കാരിയായ ഹസീനയ്ക്ക് സ്വന്തം. എന്നാൽ 1991ൽ ബംഗ്ലാദേശിൽ ജനാധിപത്യം പുനഃസ്ഥാപിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം ഇത്തവണയായിരുന്നു. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി) സഖ്യ കക്ഷികളും വിട്ടുനിന്ന വോട്ടെടുപ്പിൽ 40 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഇത് ഹസീനയുടെ വിജയത്തിളക്കം കുറയ്ക്കുന്നു. ഹസീന സർക്കാരിന് കീഴിലെ തിരഞ്ഞെടുപ്പ് നീതിപൂർണമല്ലെന്നും ജനങ്ങൾ വോട്ട് ബഹിഷ്കരിക്കണമെന്നും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബി.എൻ.പി ആഹ്വാനം ചെയ്തിരുന്നു. അഴിമതിക്കേസിൽ കുറ്റംചുമത്തപ്പെട്ട 78കാരിയായ സിയ നിലവിൽ വീട്ടുതടങ്കലിലാണ്. ഏകകക്ഷി ഭരണമാണ് നടക്കാൻ പോകുന്നതെന്നും ബംഗ്ലാദേശിലെ ജനാധിപത്യം ദുർബലമാകുന്നുവെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു.

Advertisement
Advertisement