ബിൽക്കിസ് ബാനു കേസിലെ വിധി സമാനതകളില്ലാത്ത പോരാട്ടം; ജസ്റ്റിസ് ജോസഫിന്റെ നിലപാട് വഴികാട്ടി

Tuesday 09 January 2024 12:11 AM IST

ന്യൂഡൽഹി : ബിൽക്കിസ് ബാനുവിന് നീതി ലഭിച്ചത് നീതിക്കായുള്ള സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവിൽ. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് അനുഭവിച്ച കൊടുംക്രൂരതകൾ ഏറെ ഗൗരവത്തോടെയാണ് ഉന്നത നീതിപീഠം കേട്ടത്. മൂന്നര വയസുള്ള ആദ്യകുഞ്ഞിനെ ബിൽക്കിസിന്റെ കൺമുന്നിലിട്ട് കല്ലുകൊണ്ട് ഇടിച്ചുകൊല്ലുകയായിരുന്നുവെന്ന് അഭിഭാഷക ശോഭ ഗുപ്ത അറിയിച്ചത് മനഃസാക്ഷിയുള്ളവരെ വേദനിപ്പിച്ചു. സംഭവം നടക്കുമ്പോൾ ബിൽക്കിസിന് 21 വയസായിരുന്നു പ്രായം. അഞ്ചുമാസം ഗർഭിണിയായിരിക്കെയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയും, ബന്ധുവായ മറ്റൊരു സ്ത്രീയും കൂട്ടബലാത്സംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്തു. അക്രമികൾ അതേ പ്രദേശത്തുള്ളവരാണ്.

11 കുറ്റവാളികളും രക്തദാഹികളെപ്പോലെയാണ് വേട്ടയാടിയത്. കൊലയാളികളായ അവർ മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി. കുട്ടികൾ ഉൾപ്പടെ ഏഴുപേരെ കൊലപ്പെടുത്തി. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ നടന്ന സംഭവമല്ല. കൊലവിളി മുഴക്കിയായിരുന്നു ആക്രമണം. സാമുദായിക വിദ്വേഷമാണ് കുറ്റവാളികളെ നയിച്ചതെന്ന് ബോംബെ ഹൈക്കോടതി കണ്ടെത്തിയിരുന്നുവെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി. ഏഴുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് കിട്ടിയതെന്നും അഭിഭാഷക അറിയിച്ചു. ഏറെക്കാലം പുരുഷന്മാരെ അഭിമുഖീകരിക്കാൻ ബിൽക്കിസിന് ഭയമായിരുന്നു. ആൾക്കൂട്ടത്തെയും.​ അപരിചിതരെയും ഭയപ്പെട്ടു. ആഘാതത്തിൽ നിന്ന് ഇപ്പോഴും വിമുക്തയായിട്ടില്ല.

 ജസ്റ്റിസ് ജോസഫിന്റേത് നിർണായക ഇടപെടൽ

കഴിഞ്ഞ ജൂൺ 16ന് വിരമിക്കുന്നതിനു മുൻപ് വാദം കേട്ട് വിധി പറയാമെന്ന നിലപാടായിരുന്നു മലയാളിയായ ജസ്റ്റിസ് കെ.എം. ജോസഫിനുണ്ടായിരുന്നത്. മദ്ധ്യവേനൽ അവധിക്കാലത്തും വാദം കേൾക്കാൻ അദ്ദേഹം തയ്യാറായിരുന്നു. എന്നാൽ,​ അദ്ദേഹത്തിന്റെ ഉറച്ചനിലപാടുകൾ കാരണം കുറ്റവാളികളുടെ അഭിഭാഷകർ വാദം കേൾക്കലിന് സഹകരിച്ചില്ല. ഇതിനോട് വലിയ അതൃപ്തി ജസ്റ്റിസ് ജോസഫ് പ്രകടിപ്പിക്കുകയും ചെയ്തു. കുറ്റവാളികൾക്ക് പ്രത്യേക പരിഗണന കിട്ടിയോയെന്ന് സൂചിപ്പിക്കുന്ന സംശയമടക്കം അദ്ദേഹത്തിൽ നിന്നുണ്ടായത് ഗുജറാത്ത് - കേന്ദ്ര സർക്കാരുകളെ അസ്വസ്ഥമാക്കി. എന്നാലും,​ അന്ന് ജോസഫിനൊപ്പം ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബി.വി. നാഗരത്നയുടെ കോടതിയാണ് ഇന്നലെ വിധി പുറപ്പെടുവിച്ചത് എന്നത് ശ്രദ്ധേയമാണ്.

സംഭവ പരമ്പര

2002 മാർച്ച് 3 - ബിൽക്കിസിനും കുടുംബത്തിനുമെതിരെ അക്രമികളുടെ ക്രൂരകൃത്യം

2002 മാർച്ച് 4 - പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും ബലാത്സംഗത്തിനിരയായതും പ്രതികളുടെ പേരുകളും പൊലീസ് രേഖപ്പെടുത്തിയില്ല.

2002 മാർച്ച് 5 - ഗോധ്രയിലെ റിലീഫ് ക്യാമ്പിൽ പ്രവേശിപ്പിച്ചു. എക്സിക്യുട്ടീവ് മജിസ്ട്രേട്ട് മൊഴി രേഖപ്പെടുത്തി.

2002 നവംബർ 6 - പ്രതികളെ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാൻ പൊലീസ് റിപ്പോർട്ട്. കോടതി അംഗീകരിച്ചില്ല.

2003 ഏപ്രിൽ - ബിൽക്കിസ് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു

2003 ഡിസംബർ 6 - കേസ് സി.ബി.ഐക്ക് വിട്ട് സുപ്രീംകോടതി ഉത്തരവ്

2004 ഏപ്രിൽ 19 - സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

2004 ആഗസ്റ്റ് - ഗുജറാത്തിൽ നിന്ന് മുംബയിലേക്ക് വിചാരണ മാറ്റി സുപ്രീംകോടതി ഉത്തരവ്

2008 ജനുവരി 21 - 11 കുറ്രവാളികൾക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് മുംബയ് പ്രത്യേക കോടതി

2019 ഏപ്രിൽ 23 - ബിൽക്കിസിന് 50 ലക്ഷം നഷ്ടപരിഹാരവും ജോലിയും നൽകാൻ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം

2022 ആഗസ്റ്റ് 10 - കുറ്രവാളികൾക്ക് ശിക്ഷായിളവ് നൽകി ഗുജറാത്ത് സർക്കാർ ഉത്തരവ്

2022 ആഗസ്റ്റ് 15 - 11 കുറ്റവാളികളും ജയിൽമോചിതരായി

2022 സെപ്തംബർ- നടപടിക്കെതിരെ ബിൽക്കിസ് ബാനു സുപ്രീംകോടതിയെ സമീപിച്ചു

2024 ജനുവരി എട്ട് - ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി

Advertisement
Advertisement