മുൻ ഹൈക്കമ്മിഷണറുടെ പുസ്‌തകത്തിലെ വെളിപ്പെടുത്തൽ; പൈലറ്റ് അഭിനന്ദിനെ പാകിസ്ഥാൻ മോചിപ്പിച്ചത് ഇന്ത്യയുടെ മിസൈൽ ഭീഷണിയിൽ

Tuesday 09 January 2024 12:40 AM IST

ന്യൂഡൽഹി: പുവൽവാമ ഭീകരാക്രമണത്തിനുള്ള തിരിച്ചടി സമയത്ത് പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ മോചിപ്പിച്ചില്ലെങ്കിൽ 9 മിസൈലുകൾ തയ്യാറാണെന്ന ഇന്ത്യൻ ഭീഷണിക്കു മുന്നിൽ പാകിസ്ഥാന് വഴങ്ങേണ്ടി വന്നെന്ന് വെളിപ്പെടുത്തൽ. പാകിസ്ഥാനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മിഷണറായിരുന്ന അജയ് ബിസാരിയയുടെ 'ആങ്കർ മാനേജ്മെന്റ് : ദ് ട്രബിൾഡ് ഡിപ്ലോമാറ്റിക് റിലേഷൻഷിപ്പ് ബിറ്റവീൻ ഇന്ത്യ ആൻഡ് പാകിസ്ഥാൻ’ എന്ന പുസ്തകത്തിലാണ് ഉന്നതതല നയതന്ത്ര നീക്കങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ.

ഇന്ത്യ വിക്ഷേപിക്കാൻ തയ്യാറാക്കിയ 9 മിസൈലുകൾ ഏതുനിമിഷവും പതിച്ചേക്കാമെന്ന പേടിയിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ ഭരണകൂടം യു.എസിന്റെയും യു.കെയുടെയും സഹായം തേടി. അഭിനന്ദനെ ഉപദ്രവിച്ചാൽ കാര്യങ്ങൾ പിടിവിട്ട് പോകുമെന്നും ഇന്ത്യയോട് നേരിട്ട് അപേക്ഷിക്കാനുമാണ് അവർ പറഞ്ഞത്. തുടർന്ന് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ ഇമ്രാൻ ഖാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അർദ്ധരാത്രിയിൽ അന്നത്തെ ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷണർ സൊഹൈൽ മഹ്മൂദാണ് ഇമ്രാന് മോദിയുമായി സംസാരിക്കാൻ താത്‌പര്യമുണ്ടെന്ന് അറിയിച്ചത്. ഡൽഹിയിൽ നിന്ന് പ്രതികരണമുണ്ടായില്ല. തുടർന്ന് അടുത്ത ദിവസം അഭിനന്ദനെ മോചിപ്പിക്കുന്നതായി ഇമ്രാന് പാർലമെന്റിൽ പ്രഖ്യാപിക്കേണ്ടി വന്നു.

2019 ഫെബ്രുവരി 14നു നടന്ന പുൽവാമ ആക്രമണത്തിനു പിന്നാലെ 26ന് ബാലക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തുന്നതിനിടെയാണ് അഭിനന്ദൻ പാക് പിടിയിലായത്. 28ന് അഭിനന്ദനെ മോചിപ്പിച്ചു. ഇല്ലായിരുന്നെങ്കിൽ 'രക്തച്ചൊരിച്ചിൽ' ഉണ്ടാകുമായിരുന്നുവെന്ന് 2019ലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞിരുന്നു. എന്നാൽ

മിസൈൽ ആക്രമണത്തിന് പദ്ധതിയിട്ടത് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ ഭീഷണി പാക് സൈന്യത്തെയും ഇമ്രാൻ സർക്കാരിനെയും എങ്ങനെ അലോസരപ്പെടുത്തിയെന്ന് ബിസാരിയ വെളിപ്പെടുത്തുന്നു.

അഭിനന്ദനെ മോചിപ്പിച്ചതിനൊപ്പം

പുൽവാമ ആക്രമണത്തിൽ നടപടിയെടുക്കാനും പ്രശ്നം പരിഹരിക്കാനും തയ്യാറാണെന്നും ബിസാരിയ വഴി പാകിസ്ഥാൻ ഡൽഹിയെ അറിയിച്ചു. മാസങ്ങൾക്ക് ശേഷം, അൽ ഖ്വയ്ദ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട വിവരം പാക് ചാര സംഘടന ഐ.എസ്.ഐ ഉന്നതൻ തന്നെ അറിയിച്ചതും ബിസാരിയ വെളിപ്പെടുത്തുന്നു.

ആ വർഷം ജൂണിൽ കിർഗിസ്ഥാനിലെ ബിഷ്കെകിൽ നടന്ന എസ്.സി.ഒ ഉച്ചകോടിക്ക് മുന്നോടിയായി സമാധാന അന്തരീക്ഷം മോശമാക്കാൻ പാകിസ്ഥാൻ ആഗ്രഹിച്ചിരുന്നില്ല. ഉച്ചകോടിക്കിടെ മോദിയുമായി ഹസതദാനം നടത്താൻ ഇമ്രാൻ ഖാന് താത്പര്യമുണ്ടായിരുന്നെന്നും പുസ്‌കത്തിൽ പറയുന്നു.

പുൽവാമാ ആക്രമണത്തിന് 2016 ലെ സർജിക്കൽ ആക്രമണത്തെക്കാൾ വളരെ വലിയ തിരിച്ചടിയാണ് ഇന്ത്യ നൽകാൻ പോകുന്നതെന്ന് അന്നത്തെ സൈനിക മേധാവി ബിപിൻ റാവത്ത് ബിസാരിയെ അറിയിച്ചിരുന്നു. 2019 ആഗസ്റ്റിൽ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പാകിസ്ഥാൻ ബിസാരിയയെ പുറത്താക്കിയിരുന്നു.

Advertisement
Advertisement