മുത്തച്ഛന്റെ കാവ്യത്തിന് കൊച്ചുമകളുടെ ചുവടുകൾ
തിരുവനന്തപുരം: സ്വയംവരം കവിതാസമാഹാരം കൊച്ചുമകൾ അമൃത അരങ്ങിലെത്തിക്കുമ്പോൾ വിണ്ണിലിരുന്ന് മലയാളത്തിന്റെ ജ്ഞാനപീഠ ജേതാവ് ഒ.എൻ.വി. കുറുപ്പ് സന്തോഷിക്കുന്നുണ്ടാകുമെന്ന് തീർച്ച. തൈക്കാട് ഗണേശത്തിൽ നാളെ നടക്കുന്ന സൂര്യാ ഫെസ്റ്റിവലിൽ ഭരതനാട്യത്തിലൂടെ മഹാഭാരതത്തിലെ വേറിട്ട കഥാപാത്രമായ മാധവിയെ അവതരിപ്പിക്കുകയാണ് അമൃതയുടെ ലക്ഷ്യം. മഹാഭാരതത്തിലെ ഉപകഥയിൽ പെടുന്ന മാധവിയെ അധികമാർക്കും അറിയില്ല. ദ്രൗപതിയെയും ഗാന്ധാരിയെയും അറിയുന്ന മലയാളികൾ മാധവിയേയും തിരിച്ചറിയണം എന്നാണ് അമൃത ആഗ്രഹിക്കുന്നത്. 50 മിനിറ്റ് ദൈർഘ്യം വരുന്ന നൃത്താവിഷ്കാര സംവിധാനം ചെന്നൈ സ്വദേശിയായ വിദ്യാ സുബ്രഹ്മണ്യനാണ്, സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഭാഗ്യലക്ഷ്മി ഗുരുവായൂരും. കഴിഞ്ഞ വർഷമാണ് ഈ കവിതയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ അമൃത തീരുമാനിച്ചത്. നൃത്തത്തിനായി എടുക്കാൻ കഴിയുന്ന ഭാഗങ്ങൾ തിരഞ്ഞെടുക്കാൻ അച്ഛൻ ഡോക്ടർ ജയകൃഷ്ണനും ഒ.എൻ.വിയുടെ മകളും നർത്തകിയുമായ അമ്മ ഡോ.മായയും സഹായിച്ചിരുന്നു. ഒ.എൻ.വി കവിതകളായ നീയെത്ര ധന്യ, ഗോതമ്പുമണികൾ എന്നിവ മുൻപ് അണിയറയിൽ നൃത്തമായി ആവിഷ്ക്കരിച്ചിരുന്നു. സ്ത്രീപക്ഷത്തു നിന്ന് ചിന്തിക്കുന്ന ഓരോ വ്യക്തിയും മാധവിയെ അറിഞ്ഞിരിക്കണമെന്നാണ് അമൃത പറയുന്നത്. അഞ്ചാം വയസു മുതൽ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവ പഠിക്കുന്ന അമൃത നൃത്തത്തിന്റെ പുതിയ തലങ്ങൾ അന്വേഷിച്ചുള്ള യാത്രയിലാണ് ഇപ്പോഴും. വിദേശരാജ്യങ്ങളിലടക്കം വേദികൾ കീഴടക്കി മുന്നോട്ടു പോവുകയാണ് . 2019 ൽ സൂര്യ ഫെസ്റ്റിവൽ പാദപ്രതിഷ്ഠ എന്ന നൃത്താവിഷ്കാരം അവതരിപ്പിച്ചിരുന്നു.
കൂടെ നിന്ന് പ്രോത്സാഹനം നൽകുന്ന ഭർത്താവ് ഡോ. പ്രണവുമൊത്ത് ലണ്ടനിലാണ് അമൃതയുടെ താമസം.