ഗാനഗന്ധർവൻ എന്ന യുഗപ്രഭാവം
യേശുദാസ് ആലപിച്ചവയിൽ ഏതുതരം പാട്ടുകളാണ് കൂടുതൽ മെച്ചം? പ്രണയഗാനങ്ങൾ, പ്രണയഭംഗ ഗാനങ്ങൾ, ഭക്തിഗാനങ്ങൾ, വിഷാദഗാനങ്ങൾ, വിപ്ളവഗാനങ്ങൾ, ഗ്രാമീണ ഗാനങ്ങൾ, അശരീര ഗാനങ്ങൾ, ഹാസ്യഗാനങ്ങൾ, താരാട്ടു പാട്ടുകൾ എന്നിങ്ങനെ ആ പട്ടിക വളരെ വലുതാണെങ്കിലും അദ്ദേഹം പാടുമ്പോൾ ഏതാണ് മികച്ചത് എന്നു പറയുക അസാദ്ധ്യമാണ്. അത്രയ്ക്ക് ഇഴുകിച്ചേർന്നാണ് അദ്ദേഹം ഓരോ ഗാനവും പാടുക. അതുകൊണ്ടാണ് പാട്ടിന്റെ പര്യായമായി യേശുദാസിന് വളരെ വേഗം മാറാൻ കഴിഞ്ഞത്. ദേവരാഗങ്ങളുടെ രാജശില്പിയും ഈ ഗായകന്റെ വളർച്ചയിൽ നിർണായകമായ സ്ഥാനം വഹിച്ച ആളുമായ ജി. ദേവരാജന്റെ അഭിപ്രായം പരിഗണിച്ചാൽ ഗായികാഗായകന്മാരിൽ പതിനായിരത്തിൽ ഒരാളിനു മാത്രം ലഭിക്കുന്ന ത്രിസ്ഥായി ശബ്ദത്തിന്റെ ഉടമയാണ് യേശുദാസ്.
സമ്മാനം നേടിയത്
ജയചന്ദ്രനൊപ്പം
സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ 1957ൽ അദ്ദേഹം കർണാടക സംഗീതത്തിൽ സംസ്ഥാനതലത്തിൽ തന്നെ ഒന്നാം സ്ഥാനത്തെത്തി. പിറ്റേവർഷവും വായ്പാട്ടിന് ഒന്നാം സമ്മാനം യേശുദാസ് നേടി. 1958 മാർച്ചിൽ പത്താം ക്ളാസ് പരീക്ഷ ജയിച്ച യേശുദാസ് തുടർന്ന് തൃപ്പൂണിത്തുറയിലെ ആർ.എൽ.വി. മ്യൂസിക് അക്കാദമിയിൽ ചേർന്ന് പഠിച്ചു. 1960ൽ മറ്റെല്ലാ വിദ്യാർത്ഥികളെയും പിന്തള്ളി അദ്ദേഹം ഗാനഭൂഷണത്തിന് ഒന്നാംസ്ഥാനത്ത് വിജയിച്ചു. സംഗീതത്തിൽ കാണിച്ച പ്രാഗല്ഭ്യം മുൻനിറുത്തി സാധാരണ നാല് വർഷങ്ങൾ നീണ്ടു നില്ക്കുന്ന ഗാനഭൂഷണം കോഴ്സ് ഇരട്ട പ്രൊമോഷനോടുകൂടി വെറും മൂന്നു വർഷം കൊണ്ടാണ് അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റേത് വെറും വിജയമായിരുന്നില്ല താനും.
ശെമ്മങ്കുടിയുടെ ശിഷ്യൻ
സംഗീതത്തിലെ മുടിചൂടാമന്നനായ ശെമ്മങ്കുടി ശ്രീനിവാസ അയ്യരായിരുന്നു അക്കാലത്ത് സംഗീത കോളേജിലെ പ്രിൻസിപ്പൽ. കഴിവുള്ളവരെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ എന്നും മുൻപന്തിയിലായിരുന്നു അദ്ദേഹം. വാഗീശ്വരി കനിഞ്ഞനുഗ്രഹിച്ച ശിഷ്യൻ ഗുരുവിന്റെ പ്രത്യേക ശ്രദ്ധ ആർജ്ജിക്കാൻ അധികസമയം വേണ്ടിവന്നില്ല. അതേസമയം ഇത്രയും സമർത്ഥനായ വിദ്യാർത്ഥി ഇല്ലായ്മയുടെ ഇടയിലാണ് ജീവിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ആ ശുദ്ധഹൃദയം വിങ്ങി. സ്വന്തം കാർഷെഡ്ഡിൽ താമസവും വീട്ടിൽ നിന്ന് ഭക്ഷണവും നൽകി അദ്ദേഹം ആ വിദ്യാർത്ഥിയുടെ കഷ്ടപ്പാടുകൾക്ക് തെല്ലൊന്ന് അറുതി വരുത്തി.
യാതനകളെ ഒപ്പം കൂട്ടി യേശുദാസ് സംഗീത പഠനം തുടർന്നു. പ്രതിബന്ധങ്ങളെ നേരിടാനുള്ള ധൈര്യവും ക്ഷമയും അദ്ദേഹം വളർത്തിയെടുത്തു. കഴിവുള്ളവരെ അന്വേഷിച്ച് അവസരങ്ങൾ അങ്ങോട്ട് ചെല്ലുമെന്ന് പറയാറുണ്ട്. യേശുദാസിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. 'കാല്പാടുകൾ"എന്ന ചിത്രം അതിനൊരു നിമിത്തമായി എന്നുമാത്രം. അതിനുശേഷം 'ശ്രീരാമ പട്ടാഭിഷേക"മായിരുന്നു ദാസ് പാടിയ ഗാനങ്ങളുമായി പ്രദർശനത്തിനു വന്നത്. ബ്രദർ ലക്ഷ്മണനായിരുന്നു ഇതിന്റെ സംഗീത സംവിധായകൻ. എം.ബി. ശ്രീനിവാസൻ സംഗീതമൊരുക്കിയ 'കണ്ണും കരളു"മായിരുന്നു ദാസിന്റെ അടുത്ത ചിത്രം. 'വിധി തന്ന വിളക്കി"ലൂടെ വി. ദക്ഷിണാമൂർത്തിയും ഈ ഗായകന്റെ മധുരനാദം പ്രയോജനപ്പെടുത്തിയെങ്കിലും 'ഭാഗ്യജാതക"ത്തിലെ ''ആദ്യത്തെ കൺമണി ആണായിരിക്കണം"" (സംഗീതം - എം.എസ്. ബാബുരാജ്, സഹഗായിക - പി. ലീല) എന്ന ഗാനമാണ് ആദ്യത്തെ ഹിറ്റ് എന്നു പറയാം.
സംഗീതസംവിധായകനായും തിളങ്ങി
ഗായകനായി ശോഭിച്ചിരുന്ന കാലത്തുതന്നെ അദ്ദേഹം സംഗീത സംവിധായകനായുംതിളങ്ങിയിട്ടുണ്ട്. അതിനു നിമിത്തമായത് ''അഴകുള്ള സെലീന""എന്ന ചിത്രമാണ്. തുടർന്ന് ജീസസ്, ഉദയം കിഴക്കു തന്നെ, തീക്കനൽ, മാളിക പണിയുന്നവർ, താറാവ്, പൂച്ചസന്യാസി, സഞ്ചാരി, അഭിനയം, കോളിളക്കം, മൗനരാഗം, കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും സംഗീതം പകർന്നു. ആ ഭാഗത്തും തനിക്ക് ശോഭിക്കാനാവുമെന്ന് അവയിലെ ഗാനങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു. പതിനഞ്ചോളം സംഗീത ആൽബങ്ങൾക്ക് വേണ്ടിയും (അവയിൽ കൂടുതലും അയ്യപ്പ ഭക്തിഗാനങ്ങളാണ്) അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു.
മതങ്ങൾക്കതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നതാണ് യേശുദാസ് എന്ന മനുഷ്യൻ സമൂഹത്തിനു നൽകുന്ന ഏറ്റവും വലിയ പാഠം. പെട്ടെന്നൊരു ദിവസംകൊണ്ട് ഗാനഗന്ധർവ്വനായി വളർന്ന ആളല്ല അദ്ദേഹം. നിരന്തരമായ സംഗീത സപര്യയിലൂടെ അദ്ദേഹം നേടിയെടുത്തതാണ് ഇന്നത്തെ യശസ്സും സ്ഥാനവും. മലയാളികളുടെ പ്രിയപ്പെട്ട ഈ ദാസേട്ടൻ ഗായകർക്കെല്ലാം തികഞ്ഞ പാഠപുസ്തകമാണ്. മലയാളത്തിന്റെ പുണ്യം എന്നല്ലാതെ അദ്ദേഹത്തെ മറ്റെന്തു വിശേഷിപ്പിക്കാൻ !