രാഹുൽ മാങ്കൂട്ടത്തിനെതിരായ നടപടിയിൽ ഞെട്ടി കോൺഗ്രസ്

Wednesday 10 January 2024 1:54 AM IST

തിരുവനന്തപുരം: യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെതിരെ അപ്രതീക്ഷിതമായി ഉണ്ടായ പൊലീസ് നടപടി യു.ഡി.എഫ്, കോൺഗ്രസ് കേന്ദ്രങ്ങൾക്ക് ഞെട്ടലായി. ക്രിമിനൽ കേസ് പ്രതികളെ കൈകാര്യം ചെയ്യുംവിധം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത നടപടിയും തുടർനീക്കങ്ങളും പ്രതിപക്ഷ സമരത്തെ വരും ദിവസങ്ങളിൽ സർക്കാർ എങ്ങനെ നേരിടുമെന്നതിന്റെ സൂചന കൂടിയാണ്. ഗവർണർക്കെതിരെ പ്രതിഷേധമുയർത്തിയ എസ്.എഫ്.ഐക്കാർക്കെതിരെ കൃത്യമായ നിയമനടപടി സ്വീകരിക്കാത്ത പൊലീസ് രാഹുലിനെതിരെ നടത്തിയ നീക്കം കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച മാത്യുകുഴൽ നാടനെതിരെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെടുത്തി വിജിലൻസ് പരിശോധന നടത്തിയത് വലിയ വിവാദമായിരുന്നു. 50,000 രൂപയുടെ പൊലീസ് ഉപകരണങ്ങൾ നശിപ്പിച്ചെന്ന കുറ്റത്തിനാണ് രാഹുലിനെ പുലർച്ചെ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തത്. നേരത്തെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പുരാവസ്തു കേസുമായി ബന്ധപ്പെട്ട് കേസിൽ കുടുക്കിയതിനു പിന്നാലെയാണ് കുഴൽനാടനെതിരായ നടപടിയുണ്ടായത്.

പൊലീസും സി.പി.എമ്മും ചേർന്നുള്ള ഗൂഢാലോചനയാണ് അറസ്റ്രിന് പിന്നിലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചു. യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, രമേശ് ചെന്നിത്തല, വി.എം.സുധീരൻ അടക്കമുള്ള നേതാക്കളും പ്രതിഷേധവുമായി രംഗത്ത് വന്നു. മുഖ്യമന്ത്രിക്കെതിരെ തുടർച്ചയായി വിമർശനമുയർത്തുന്ന പ്രതിപക്ഷ നേതാവിനെതിരെയും മുമ്പ് ചില സാമ്പത്തിക ആരോപണങ്ങളുന്നയിച്ച് കേസെടുത്തിരുന്നു. സർക്കാരിനെതിരെ ഉയരുന്ന ശബ്ദങ്ങൾ അടിച്ചമർത്താൻ പൊലീസിനെ ആയുധമാക്കുന്ന തന്ത്രം പ്രതിപക്ഷം ആശങ്കയോടെയാണ് കാണുന്നത്. എന്നാൽ,​ പ്രതിപക്ഷത്തിന് പോരാടാൻ എണ്ണപകരുന്നതാണ് പൊലീസ് നടപടികൾ എന്നാണ് രാഷ്ട്രീയ നിരീക്ഷക‌ർ കാണുന്നത്.

Advertisement
Advertisement