നാല് കിലോഗ്രാം ഭാരവും 500 മീറ്റര്‍ റേഞ്ചും, ഇന്ത്യ വികസിപ്പിച്ചെടുത്ത ഉഗ്രം റൈഫിളില്‍ സൈന്യം ഇനി `വേറെ ലെവല്‍`

Tuesday 09 January 2024 11:38 PM IST

ന്യൂഡല്‍ഹി: വെറും നൂറ് ദിവസത്തില്‍താഴെ മാത്രം സമയമെടുത്ത് ഇന്ത്യ വികസിപ്പിച്ചെടുത്ത 'ഉഗ്രം' റൈഫിള്‍ സൈന്യത്തിനുള്ള പുത്തന്‍ സമ്മാനം. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ യൂണിറ്റായ എ.ആര്‍.ഡി.ഇയും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയായ ദ്വിപാ ആര്‍മര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് റൈഫിള്‍ നിര്‍മിച്ചത്. 7.62 കാലിബറിലാണ് റൈഫിള്‍ നിര്‍മിച്ചിരിക്കുന്നത്.

നാല് കിലോഗ്രാം ഭാരവും അഞ്ഞൂറ് മീറ്റര്‍ റേഞ്ചുമാണ് റൈഫിളിനുള്ളത്. സേനയില്‍ ഉപയോഗിച്ച് വരുന്ന 5.62 എംഎം കാലിബര്‍ റൈഫിളുകളേക്കാള്‍ വീര്യംകൂടിയ വിഭാഗത്തിലാണ് ഉഗ്രം ഉള്‍പ്പെടുന്നത്. മിലിറ്ററി, പാരാമിലിറ്ററി, പൊലീസ് സേന എന്നിവര്‍ക്ക് ഉപയോഗിക്കത്തക്ക രീതിയിലാണ് ഈ റൈഫിള്‍ നിര്‍മിച്ചിരിക്കുന്നത്.

ഡിആര്‍ഡിഒ ആര്‍മമെന്റ് ആന്‍ഡ് കോംബാറ്റ് എഞ്ചിനീയറിംഗ് സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ. ശൈലേന്ദ്ര വി ഗഡെയാണ് റൈഫിളിന്റെ പ്രവര്‍ത്തന മാതൃക വിശദീകരിച്ചത്. ഇന്ത്യന്‍ സായുധ സേനയ്ക്കായി യുഎസ് നിര്‍മിത 70,000 എസ്‌ഐജി സോവര്‍ ആക്രമണ റൈഫിള്‍ വാങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് 7.62 എംഎം കാലിബറുള്ള റൈഫിളിന്റെ നിര്‍മാണം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെക്കുന്നത്.

റൈഫിളിന്റെ ഡിസൈനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും രണ്ട് വര്‍ഷം മുമ്പ് തന്നെ ചര്‍ച്ച ചെയ്യുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയിതിരുന്നുവെങ്കിലും നിര്‍മാണം ആരംഭിച്ച് 100 ദിവസം കൊണ്ടാണ് റൈഫിള്‍ അവതരിപ്പിച്ചത്. ഇനി ഇതിന്റെ വിവിധ സാഹചര്യങ്ങളിലെ ഉപയോഗ ക്ഷമത പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. കടുത്ത വേനലിലും അതിശൈത്യത്തിലും തോക്ക് എത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന പരിശോധനയാണ് ഇതിന്റെ ഭാഗമായി നടത്തുക.