ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു

Wednesday 10 January 2024 12:06 AM IST

കൊൽക്കത്ത:വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ (55) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സയിലായിരുന്നു. 1968 ജൂലായ് ഒന്നിന് ഉത്തർപ്രദേശിലെ ബദയൂനിലാണ് ജനനം.

രാപൂർ - സഹസ്വാൻ ഘരാനയുടെ ഉപജ്ഞാതാവായ ഇനായത്ത് ഹുസൈൻ ഖാന്റെ പ്രപൗത്രനും പ്രശസ്ത സംഗീതജ്ഞരായ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ,​ ഉസ്താദ് നിസാർ ഹുസൈൻ ഖാൻ എന്നിവരുടെ അനന്തരവനും ആണ്.

മാതുലന്മാരാണ് ആദ്യഗുരുക്കന്മാർ. 11-ാം വയസിലാണ് ആദ്യ കച്ചേരി അവതരിപ്പിക്കുന്നത്. 1980ൽ നിസാർ ഹുസൈൻ ഖാൻ കൊൽക്കത്ത ഐ.ടി.സി സംഗീത അക്കാഡമിയിൽ ചേർന്നപ്പോൾ 14കാരനായ റാഷിദ് ഖാനും അക്കാഡമിയുടെ ഭാഗമായി.

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തെ ലളിതസംഗീതവുമായി സമന്വയിപ്പിച്ച റാഷിദ് ഖാന്റെ പരീക്ഷണങ്ങളും ഇന്ത്യൻ ജാസ് സംഗീതത്തിന്റെ ആചാര്യനും പാശ്ചാത്യസംഗീതജ്ഞനുമായ ലൂയി ബാങ്ക്സുമായി ചേർന്ന് നടത്തിയ കച്ചേരികളും ശ്രദ്ധേയമായി. വിവിധ സംഗീതജ്ഞർക്കൊപ്പം ജുഗൽ ബന്ദികളും അവതരിപ്പിച്ചിട്ടുണ്ട്. തരാന ആലാപന ശൈലിയുടെ ആചാര്യനായിരുന്നു.

മൈ നെയിം ഈസ് ഖാൻ, ജബ് വി മെറ്റ്, സാദത്ത് ഹസൻ മന്തോ, ഹേറ്റ് സ്റ്റോറി തുടങ്ങി 16 ഹിന്ദി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പ്രശസ്തമായ നിരവധി ഡിസ്‌കുകൾ പുറത്തിറക്കിയിട്ടുണ്ട്.2006ൽ പത്മശ്രീയും 2022ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു. സംഗീത നാടക അക്കാഡമി അവാർഡ്, ബംഗഭൂഷൺ, ഗ്ലോബൽ ഇന്ത്യൻ മ്യൂസിക് അക്കാഡമി അവാർഡ്, മഹാ സംഗീത് സമ്മാൻ അവാർഡ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇന്ന് രവീന്ദ്രസദനിലെ പൊതുദർശനത്തിനു ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഭാര്യ: സോമാ ഖാൻ. സുഹ, ഷായോണ എന്നിവർ പുത്രിമാരും അർമാൻ പുത്രനുമാണ്. മൂന്നു പേരും ഗായകരാണ്.

വിയോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചിച്ചു.

Advertisement
Advertisement