മാലദ്വീപ് പ്രസിഡന്റിനെതിരെ പ്രതിപക്ഷം രംഗത്ത്

Wednesday 10 January 2024 6:21 AM IST

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ രാജ്യത്തെ പ്രതിപക്ഷം രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൂന്ന് മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് പ്രതിപക്ഷ എം.പിമാർ രംഗത്തെത്തിയിരിക്കുന്നത്.

മുയിസുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും വിദേശകാര്യ മന്ത്രി മൂസ സമീറിനെ ചോദ്യം ചെയ്യണമെന്നും ദ ഡെമോക്രാറ്റ്സ് എം.പി അലി അസീം ആവശ്യപ്പെട്ടു. മുയിസുവിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ സഞ്ചാരികളുടെ ബഹിഷ്കരണം തുടർന്നാൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് പ്രധാന പ്രതിപക്ഷമായ എം.ഡി.പിയിലെ നേതാവും മുൻ കായിക മന്ത്രിയുമായ അഹ്‌മ്മദ് മഹ്‌ലൂഫ് മുന്നറിയിപ്പ് നൽകി.

മന്ത്രിമാരുടെ പരാമർശത്തെ അപലപിച്ച് മാലദ്വീപ് അസോസിയേഷൻ ഒഫ് ടൂറിസം ഇൻഡസ്ട്രിയും രംഗത്തെത്തി. സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തികരമായ പ്രസ്‌താവന പുറപ്പെടുവിച്ച മറിയം ഷിയുന, മാൽഷ ഷെരീഫ്, മഹ്സൂം മാജിദ് എന്നീ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്‌പെൻഡ് ചെയ്‌തിരുന്നു.

ചൈനീസ് സഞ്ചാരികളെ ക്ഷണിച്ച് മുയിസു

വിവാദങ്ങൾക്കിടെ കൂടുതൽ സഞ്ചാരികളെ മാലദ്വീപിലേക്ക് അയക്കണമെന്ന് ചൈനയോട് അഭ്യർത്ഥിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. മുൻ നിശ്ചയിച്ച ഉഭയകക്ഷി ചർച്ചകൾക്കായി തിങ്കളാഴ്ചയാണ് മുയിസു ബീജിംഗിലെത്തിയത്. ചൈന തങ്ങളുടെ മൂല്യവത്തായ സഖ്യകക്ഷിയാണെന്നും ചൈനയുടെ സഹകരണം അവിഭാജ്യഘടകമാണെന്നും മുയിസു ഫുജിയാനിൽ നടന്ന പരിപാടിക്കിടെ പ്രതികരിച്ചു.

മുയിസു ഇന്ത്യയിലേക്ക്

മുയിസുവിന്റെ ഇന്ത്യാ സന്ദർശനത്തിനായി മാലദ്വീപ് അധികൃതർ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഈ മാസം അവസാനത്തോടെ സന്ദർശനം നടത്താനാണ് ശ്രമം. മന്ത്രിമാരുടെ പരാമർശങ്ങൾക്ക് മുമ്പ് തന്നെ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നതായാണ് വിവരം. അധികാരത്തിലെത്തിയ ശേഷം ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്ക് എന്ന പതിവ് തെറ്റിച്ച മുയിസു തുർക്കിയെ, യു.എ.ഇ, ചൈന എന്നിവിടങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ നവംബറിലാണ് മുയിസു അധികാരത്തിലെത്തിയത്.

Advertisement
Advertisement