സിപിഎം നേതാവിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്; യൂത്ത് കോൺഗ്രസ് പ്രവർത്തകന് ക്രൂരമർദനം
Thursday 11 January 2024 7:37 AM IST
കുമളി: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. മൂന്നാംമൈൽ സ്വദേശി ജോബിൻ ചാക്കോയെ (36) ആണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
അന്തരിച്ച സിപിഎം നേതാവിനെതിരെ ഫേസ്‌ബുക്കിൽ ജോബിൻ മോശം പോസ്റ്റിട്ടുവെന്ന് ആരോപിച്ച് സിപിഎം ഇയാൾക്കെതിരെ കേസ് കൊടുത്തിരുന്നു. കേസിൽ വ്യാഴാഴ്ച വണ്ടിപ്പെരിയാർ സ്റ്റേഷനിൽ ജോബിനോട് ഹാജരാകാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതിനിടെയാണ് അക്രമം.
വർക്ക് ഷോപ്പ് ജീവനക്കാരനായ ജോബിൻ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സിപിഎം പ്രവർത്തകർ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ആണി അടിച്ച പട്ടിക കഷ്ണങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ജോബിന്റെ ഒരു കാലിന് ഒടിവുണ്ട്. വലത് കെെക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.