ജോലി കുംഭകോണം: തൃണമൂൽ മന്ത്രിയുടെ വസതിയിൽ ഇ.ഡി റെയ്ഡ്

Saturday 13 January 2024 12:31 AM IST

കൊൽക്കത്ത: ജോലി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മന്ത്രിയുമായ സുജിത് ബോസിന്റെ വസതിയിലടക്കം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. മറ്റു രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിലും പരിശോധനകൾ തുടരുകയാണ്. മുനിസിപ്പൽ കോർപ്പറേഷൻ നിയമനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നത്. ബംഗാളിൽ മുമ്പ് ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസേനയുടെ വൻസുരക്ഷയിലാണ് റെയ്ഡ് നടന്നത്.

ഇന്നലെ പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. മന്ത്രിയുമായി ബന്ധപ്പെട്ട രണ്ടിടങ്ങളിലും തൃണമൂൽ നേതാവ് തപസ് റോയിയുടെ വീട്ടിലും മുൻ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സുബോധ് ചക്രബോർത്തിയുമായി ബന്ധപ്പെട്ടുള്ള സ്ഥലത്തും പരിശോധനകൾ നടന്നു. കഴിഞ്ഞ വർഷം ഇതേ ആരോപണത്തിൽ ഒമ്പത് ഇടത്ത് പരിശോധന നടന്നിരുന്നു.

2014- 2018 കാലത്ത് മുനിസിപ്പാലിറ്റി നിയമനങ്ങളിൽ അഴിമതി നടന്നെന്നും 250 ഓളം പേരെ അനധികൃതമായി തിരുകിക്കയറ്റിയെന്നും ആരോപണം ഉയർന്നിരുന്നു. തുടർന്ന്

2023ൽ കൽക്കട്ട ഹൈക്കോടതി നിയമനങ്ങളിലെ പൊരുത്തക്കേടുകൾ അന്വേഷിക്കാൻ സി.ബി.ഐയോട് നിർദ്ദേശിച്ചിരുന്നു. ഇതിൽ സി.ബി.ഐ, ഇ.ഡി അന്വേഷണം തുടരുകയാണ്. മുമ്പ് മന്ത്രി രതിൻ ഘോഷുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിലും ഇ.ഡി പരശോധന നടത്തിയിരുന്നു.

അതിനിടെ, റെയ്ഡിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പി നിർദ്ദേശപ്രകാരം ഇ.ഡി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് നേതാക്കൾ ആരോപിച്ചു. അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണ്.

Advertisement
Advertisement