''വിശ്വാസികളോട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഒരു വിളക്ക് വയ്ക്കാൻ അവർ അഭ്യർത്ഥിച്ചതിലെ തെറ്റ് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല''

Tuesday 16 January 2024 8:35 AM IST

അയോദ്ധ്യ പരാമർശത്തിൽ ഗായിക കെ.എസ് ചിത്രയ‌്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. വിശ്വാസികളായ ആളുകളോട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഒരു വിളക്ക് വയ്ക്കാൻ അവർ അഭ്യർത്ഥിച്ചതിലെ തെറ്റ് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും, പിണറായി ഭരണത്തിൽ നമ്മുടെ കേരളത്തിൽ മാത്രമാണ് വിശ്വാസികൾക്ക് നേരെ നീചമായ സൈബർ ആക്രമണം നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

''സനാതന ധർമ്മത്തിൽ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ് കെ എസ് ചിത്ര ഇന്ന് ഭീകരമായ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. മലയാളത്തിന്റെ വാനമ്പാടിയെ അല്ലെങ്കിൽ ഈ ഇടത്- ജിഹാദി എക്കോ സിസ്റ്റം ആക്രമിക്കാൻ പിന്നെ കാരണമെന്താണ്? വിശ്വാസികളായ ആളുകളോട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഒരു വിളക്ക് വയ്ക്കാൻ അവർ അഭ്യർത്ഥിച്ചതിലെ തെറ്റ് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. കശ്മീർ മുതൽ കന്യാകുമാരി വരെയും, വടക്ക് കിഴക്ക് മുതൽ പടിഞ്ഞാറു വരെയും നാനാ മതസ്ഥർ, പല ഭാഷകൾ സംസാരിക്കുന്നവർ, പല ഭക്ഷണ രീതി പിന്തുടരുന്നവർ ഈ ദിനങ്ങൾ ആഘോഷകരമാക്കുമ്പോൾ ഇങ്ങ് പിണറായി ഭരണത്തിൽ നമ്മുടെ കേരളത്തിൽ മാത്രമാണ് വിശ്വാസികൾക്ക് നേരെ നീചമായ സൈബർ ആക്രമണം നടക്കുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് വീമ്പിളക്കുന്ന കോൺഗ്രസ്സ് ഇത് വരെ ഈ വിഷയത്തിൽ വാ തുറന്നിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിൽ പിണറായിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ അവരെ പിടിച്ചകത്തിടുന്ന പൊലീസ് എവിടെയാണിപ്പോൾ?ഈ സൈബർ ആക്രമണം നടത്തുന്ന ആളുകൾക്കെതിരെ കേരള പോലീസ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. കെ എസ് ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും അറിയിക്കുന്നു.''