കോടതിയിൽ പോകുന്നത് നീതി തേടി; പബ്ലിസിറ്റിക്കല്ല:വി.ഡി.സതീശൻ
കണ്ണൂർ:കോടതിയിൽ പോകുന്നത് പബ്ളിസിറ്റിക്ക് വേണ്ടിയല്ല, നീതി തേടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ-ഫോൺ കേസിൽ ഹൈക്കോടതി നടത്തിയ പരിഹാസത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ ഇന്റർനെറ്റ് സൗകര്യത്തിനുള്ള പദ്ധതിയെ എതിർത്തിട്ടില്ല. ആയിരം കോടിയുടെ പദ്ധതി ടെൻഡറില്ലാതെ ശിവശങ്കറിന്റെ നിർദേശ പ്രകാരം 1500 കോടിയാക്കിയപ്പോൾ ഞങ്ങൾ ചോദ്യം ചെയ്തു. കേരളത്തിൽ 20 ലക്ഷം ആളുകൾക്ക് സൗജന്യ ഇന്റർനെറ്റ് കൊടുക്കാമെന്ന് പറഞ്ഞു. അഞ്ചു ശതമാനം ആളുകൾക്കു പോലും കൊടുക്കാൻ കഴിഞ്ഞില്ല. രേഖകൾ പുറത്തുവന്നു. വിവരങ്ങൾ ശേഖരിച്ചു. ആരോപണം ഉന്നയിച്ചു. അതിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയാറായില്ല. കൂടുതൽ രേഖകൾ കിട്ടിയപ്പോൾ കോടതിയിൽ പോയി. അതെങ്ങനെയാണ് പബ്ലിസിറ്റിക്ക് വേണ്ടിയാവുന്നത്?.
കരുവന്നൂർ ബാങ്കിലെ 500 കോടിയുടെ അഴിമതിയിൽ ഒന്നാം പ്രതി സി.പി.എമ്മാണ്. പാർട്ടിയും മന്ത്രിയും അതിനുത്തരം പറയണം..അനാവശ്യമായി സ്വാധീനിച്ച് തെറ്റായ ലോൺ കൊടുക്കാൻ ശ്രമിച്ചെന്ന് മന്ത്രി പി.രാജീവിനെതിരെ ബാങ്കിന്റെ സെക്രട്ടറിയായിരുന്നയാൾ മൊഴി കൊടുത്തിരിക്കുകയാണ്. ഉത്തരവാദപ്പെട്ട സി.പി.എം നേതാക്കന്മാരെല്ലാം അതിൽ പ്രതികളാണ്. പിണറായി വിജയൻ അഴിമതിക്കാരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തും.. സമരങ്ങളെ അടിച്ചമർത്തുന്ന സർക്കാരുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല.കുടുംബത്തിനു വേണ്ടി മുഖ്യമന്ത്രി നടത്തിയ അഴിമതികൾ എണ്ണിയെണ്ണി പുറത്തു കൊണ്ടു വരുമെന്നും സതീശൻ പറഞ്ഞു.