ചന്ദ്രബാബു നായിഡു കേസ്: ഹർജി വിശാല ബെഞ്ചിന് വിട്ടു

Wednesday 17 January 2024 12:45 AM IST

ന്യൂഡൽഹി: ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി, ഭിന്നവിധിയെ തുടർന്ന് വിശാല ബെഞ്ചിന് വിട്ടു. അഴിമതി നിരോധന നിയമപ്രകാരമുള്ള മുൻകൂർ പ്രോസിക്യൂഷൻ അനുമതി തേടുന്നത് സംബന്ധിച്ച് ജസ്റ്റിസുമാരായ അനിരുദ്ധ ബോസും ബേല എം.ത്രിവേദിയും തമ്മിൽ ഭിന്നാഭിപ്രായമുയർന്നതിനെ തുടർന്നാണിത്. മുൻകൂർ അനുമതി വേണമെന്ന നിലപാട് അനിരുദ്ധ ബോസ് സ്വീകരിച്ചപ്പോൾ ബേല ത്രിവേദി യോജിച്ചില്ല. അന്വേഷണത്തിനും പ്രോസിക്യൂഷൻ നടപടികൾക്കും മുൻകൂർ അനുമതി അനിവാര്യമാണെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ വാദം. മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്ക് ഒത്താശ ചെയ്തെന്നും കോർപ്പറേഷനിൽ നടന്ന ഫണ്ട് തിരിമറി കാരണം 300 കോടിയിലധികം രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നുമാണ് നായിഡുവിനെതിരെയുള്ള കേസ്.

Advertisement
Advertisement