ബിജെപിയുടെ ലക്ഷ്യം തിരഞ്ഞെടുപ്പ്; അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നിർത്തിവയ്‌ക്കണമെന്ന് ഹെെക്കോടതിയിൽ ഹർജി

Wednesday 17 January 2024 11:52 AM IST

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹെെക്കോടതിയിൽ ഹർജി . സനാതന ധർമ്മത്തിന്റെ കാവൽ ഗോപുരങ്ങളായി ആദിശങ്കരൻ സ്ഥാപിച്ച നാല് മഠങ്ങളുടെ അധിപന്മാരായ ശങ്കരാചാര്യൻമാരുടെ എതിർപ്പ് ചൂണ്ടിക്കാട്ടി ഗാസിയാബാദ് സ്വദേശിയായ ഭോല ദാസാണ് ഹർജി സമർപ്പിച്ചത്. ജനുവരി 22നാണ് അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷ്ഠാ ചടങ്ങ് നിർവഹിക്കുന്നത്.

പണി പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠാ നടത്തുന്നത് ആചാരങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. സനാതന ധർമം അനുസരിച്ചാണ് പ്രതിഷ്ഠാ ചടങ്ങ് നടത്തേണ്ടത്. എന്നാൽ തിരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ടാണ് ബിജെപി ചടങ്ങ് നടത്തുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. ശങ്കരാചാര്യന്മാർ നേരത്തെ പ്രതിഷ്ഠാ ചടങ്ങിനെതിനരെ രംഗത്തെത്തിയിരുന്നു. പുരി ശങ്കരാചാര്യരായ സ്വാമി നിഷ്തലാനന്ദ് സരസ്വതി പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

നിർമ്മാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ശാസ്‌ത്ര വിധികൾക്ക് വിരുദ്ധമാണെന്ന നിലപാടാണ് ഉത്തരാഖണ്ഡിലെ ജ്യോതിർ മഠാധിപതി അവിമുക്തേശ്വരാനന്ദ് സരസ്വതിക്കും, പുരിയിലെ ഗോവർദ്ധന മഠാധിപതി നിശ്ചലാനന്ദ സരസ്വതിക്കും. നാല് ശങ്കരാചാര്യന്മാരും പങ്കെടുക്കില്ലെന്ന് അവിമുക്തേശ്വരാനന്ദ് സരസ്വതി നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങൾ മോദിവിരുദ്ധരാണെന്ന് അതിനെ വ്യാഖ്യാനിക്കരുതെന്നും ചടങ്ങ് ശാസ്‌ത്രവിധിക്ക് വിരുദ്ധമായതിനാലാണ് പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement