സ്റ്റാർട്ടപ്പുകളുടെ വിജയം പ്രചോദനമാകണം

Thursday 18 January 2024 1:12 AM IST

കേരളം ഒരു സംരംഭത്തിനും പറ്റിയ മണ്ണല്ലെന്ന് വിലപിക്കുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കാൻ പോന്നതാണ് കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ സംസ്ഥാനത്തിനു ലഭിച്ച വലിയ അംഗീകാരം. ഈ ചൊവ്വാഴ്ചയായിരുന്നു ദേശീയ സ്റ്റാർട്ടപ്പ് ദിനാചരണം. അതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ - സ്റ്റാർട്ടപ്പ് മന്ത്രാലയങ്ങൾ പ്രഖ്യാപിച്ച ബഹുമതികളിൽ പരമോന്നത സ്ഥാനം ലഭിച്ചത് കേരളത്തിലെ പുതു സംരംഭകർക്കാണെന്നത് നമുക്കേവർക്കും സന്തോഷം തരുന്ന കാര്യമാണ്. സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, ഇൻകുബേഷൻ, വിഭവശേഷി വികസനം, സംരംഭക നേതൃത്വം,മെന്റർഷിപ്പ് സേവനം, നവീനാശയങ്ങൾ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനങ്ങൾ വിലയിരുത്തിയാണ് കേരളത്തെ പരമോന്നത ബഹുമതിക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. നിവൃത്തിയുണ്ടെങ്കിൽ പഠനം പൂർത്തിയാക്കിയാലുടൻ ഏതെങ്കിലും വിദേശ രാജ്യത്തേക്ക് വിസ തരപ്പെടുത്താൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. അദ്ധ്വാനിക്കാനുള്ള മനസ്സും നിക്ഷേപം തേടിപ്പിടിക്കാൻ കഴിവും ഉണ്ടെങ്കിൽ സ്വന്തം സംരംഭങ്ങൾ തുടങ്ങി ജീവിത സൗഭാഗ്യങ്ങളുടെ പടവുകൾ കയറാൻ ഇവിടെയും അവസരങ്ങൾ ഒട്ടും കുറവല്ലെന്നു കാട്ടിത്തരുന്നതാണ് സ്റ്റാർട്ടപ്പുകൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരങ്ങൾ.

2006-ലാണ് സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് എന്ന ആശയം ആദ്യമായി ഉദയംകൊള്ളുന്നത്. എല്ലാ സംരംഭങ്ങളിലുമെന്നപോലെ തുടക്കം ഒട്ടും ശോഭനമായിരുന്നില്ലെങ്കിലും വർഷങ്ങൾ പോകവെ സ്ഥിതിക്ക് മാറ്റമുണ്ടായി. കൂടുതൽ യുവ സംരംഭകർ ധീരമായി മുന്നോട്ടുവരാൻ തുടങ്ങി. സംസ്ഥാനത്ത് ഇപ്പോൾ സ്റ്റാർട്ടപ്പുകൾ അയ്യായിരത്തിലധികമാണെന്ന കണക്കു കണ്ടാലറിയാം,​ ഈ നൂതന സംരംഭത്തിന്റെ വർദ്ധിച്ച സ്വീകാര്യത. കേരളത്തോടൊപ്പം ഗുജറാത്ത്, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെയും സ്ഥാനം ഏറ്റവും മുൻനിരയിലാണ്. മുൻ വർഷങ്ങളിലും കേരള സ്റ്റാർട്ടപ്പുകളെത്തേടി ബഹുമതികൾ എത്തിയിരുന്നു. സംസ്ഥാന സ്റ്റാർട്ടപ്പ് മിഷന്റെയും സർക്കാരിന്റെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ നിർലോപം ലഭിക്കുന്നതുകൊണ്ടു കൂടിയാണ് സ്റ്റാർട്ടപ്പുകൾക്ക് വളരെ വേഗം പിടിച്ചുനിൽക്കാനും വളർന്നു വലുതാകാനും കഴിയുന്നത്. യുവ സംരംഭകർക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഇന്ന് ലഭ്യമാണ്. ഇതിനായി വിപുലമായ സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്.

അഭ്യസ്തവിദ്യരായ വനിതകളും സ്റ്റാർട്ടപ്പ് മേഖലയിലേക്ക് കൂടുതലായി കടന്നുവരാൻ തുടങ്ങിയിട്ടുണ്ടെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. സംസ്ഥാനത്ത് ഇപ്പോൾ വനിതകളുടേതു മാത്രമായ നൂറിലധികം സ്റ്റാർട്ടപ്പുകളുണ്ട്. അവയിലധികവും ഇതിനകം സ്വന്തം മേൽവിലാസം ഉറപ്പിച്ചവയുമാണ്. പതിനാലു ജില്ലകളിലായി സ്റ്റാർട്ടപ്പുകൾക്കായി പ്രവർത്തിക്കുന്ന അൻപത് ഇൻകുബേഷൻ സെന്ററുകൾ സംരംഭകർക്കാവശ്യമായ പുത്തൻ ആശയങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുന്നു. എവിടെയും തടസ്സങ്ങളില്ലാത്ത പ്രവർത്തനം സാദ്ധ്യമാക്കുന്നതിനാവശ്യമായ പിന്തുണയും സഹായവും ലഭിക്കുന്നതാണ് സ്റ്റാർട്ടപ്പുകൾക്ക് കരുത്തു പകരുന്നത്.

യുവസംരംഭകർക്കാവശ്യമായ പ്രോത്സാഹനവും സഹായങ്ങളും നൽകാനുള്ള സംവിധാനങ്ങൾ ശക്തമാണെങ്കിൽ പഠിച്ചിറങ്ങുന്നവരിൽ കുറേപ്പേരെങ്കിലും ഇവിടെത്തന്നെ നാടിന്റെ വികസനത്തിൽ നേരിട്ടു ഭാഗഭാക്കാകുമെന്നത് തീർച്ചയാണ്. അനിശ്ചിത ഭാവിയാണ് പലരെയും പുറം രാജ്യങ്ങളിലേക്കു പോകാൻ പ്രേരിപ്പിക്കുന്നത്. അഭ്യസ്തവിദ്യരെ ഇവിടെത്തന്നെ പിടിച്ചുനിറുത്തണമെങ്കിൽ തൊഴിൽ മേഖല ഗണ്യമായി വികസിക്കേണ്ടതുണ്ട്. വ്യവസായങ്ങൾ വർദ്ധിച്ച തോതിൽ വളരണം. വ്യവസായ വളർച്ചയ്ക്കാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കണം. നിക്ഷേപങ്ങൾ പരിധിയില്ലാതെ എത്തിക്കാൻ സംവിധാനമൊരുക്കണം. ഒരാഴ്ചമുമ്പ് തമിഴ‌്‌നാട്ടിലും ഗുജറാത്തിലും വലിയ നിക്ഷേപ സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു. തമിഴ‌്‌നാടിന് ഏഴുലക്ഷം കോടിയോളം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണു ലഭിച്ചത്. ഗുജറാത്തിനാകട്ടെ ഇരുപതുലക്ഷം കോടിയുടെയും. കേരളവും ഈ വഴിക്ക് ചിന്തിക്കേണ്ടതാണ്.