പൊലീസ് ശുദ്ധീകരണം തുടങ്ങിയിടത്തുതന്നെ

Friday 19 January 2024 1:27 AM IST

പൊലീസ് സേനയിലെ ഗുരുതര ക്രിമിനൽ സ്വഭാവമുള്ളവരും കുഴപ്പക്കാരുമായ ഉദ്യോഗസ്ഥരെ സർവീസിൽ വച്ചുകൊണ്ടിരിക്കരുതെന്നത് സർക്കാരിന്റെ പൊതുവായ നയമാണ്. ഇത്തരക്കാരോട് ഒരുവിധ ദാക്ഷിണ്യവും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവിക്ക് നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ പ്രസ്തുത നിർദ്ദേശം ഇപ്പോഴും കടലാസിലാണ്. നടപടിയിലേക്കു കടക്കവെ തന്നെ സ്വാധീനകേന്ദ്രങ്ങൾ ഇടപെട്ട് അത് അട്ടിമറിക്കുകയായിരുന്നു.

ഗുരുതര ക്രിമിനൽ സ്വഭാവക്കാരെന്നു കണ്ടെത്തി പിരിച്ചുവിടാനൊരുങ്ങിയ പതിനൊന്ന് പൊലീസ് സേനാംഗങ്ങൾ ഇപ്പോഴും തലയെടുപ്പോടെ സർവീസിൽ തുടരുന്നു. എത്ര വലിയ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെയും പോറൽ പോലും ഏൽക്കാതെ രക്ഷിക്കാൻ സേനയ്ക്കകത്തും പുറത്തും രക്ഷകന്മാർ ഉണ്ട്. ഉന്നതരായ പൊലീസ് ഓഫീസർമാരും അക്കൂട്ടത്തിലുണ്ടാകും. എണ്ണത്തിൽ തീരെ കുറവാണെങ്കിലും പൊലീസിലെ ഇത്തരം പുഴുക്കുത്തുകളാണ് അരലക്ഷത്തോളം വരുന്ന സേനയ്ക്കാകമാനം ദുഷ്‌പ്പേരു ചാർത്തുന്നത്.

സംസ്ഥാന പൊലീസ് സേനയിൽ ക്രിമിനൽ കേസുകളിലുൾപ്പെട്ട എണ്ണൂറിലേറെ പേരുണ്ടെന്നാണ് കണക്ക്. പീഡനക്കേസ് പ്രതികൾ വരെ ഇക്കൂട്ടത്തിലുണ്ട്. സ്‌ത്രീകളെയും കുട്ടികളെയും ഉപദ്ര‌വിക്കൽ, സ്‌ത്രീധന പീഡനം, പദവി ദുരുപയോഗം, കൃത്യനിർവഹണത്തിലെ വീഴ്‌ച, ക്രിമിനൽ സംഘങ്ങളുമായുള്ള കൂട്ടുകെട്ട് തുടങ്ങി ഗുരുതര സ്വഭാവമുള്ള കേസുകളിലുൾപ്പെട്ടവരാണ് ഇവരിൽ പലരും. ഗുണ്ട - മാഫിയ സംഘങ്ങളുമായി ചില പൊലീസ് സേനാംഗങ്ങൾക്കുള്ള ബന്ധം കുപ്രസിദ്ധമാണ്. സർക്കാർ സർവീസിലെ ഇതര വിഭാഗങ്ങളിലെന്നപോലെ പൊലീസിലും സംഘടനാ നേതൃത്വം അതീവ ശക്തമാണ്. കൊലക്കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെപ്പോലും ഒളിഞ്ഞും തെളിഞ്ഞും രക്ഷിക്കാൻ ഒറ്റക്കെട്ടായി സംഘടനാ നേതൃത്വം രംഗത്തിറങ്ങും. സംസ്ഥാനത്ത് പല ജില്ലകളിലും നടന്നിട്ടുള്ള ലോക്കപ്പ് മരണങ്ങളിലുൾപ്പെട്ട പൊലീസുകാർക്ക് തുണയാകാറുള്ളതും സഹപ്രവർത്തകർ തന്നെയാകും.

അടുത്തകാലത്തായി നടന്ന പ്രതിപക്ഷ പ്രതിഷേധ സമരക്കാർക്കെതിരെ പൊലീസ് സ്വീകരിക്കുന്ന മർദ്ദനമുറകൾ സസൂക്ഷ്‌മം ശ്രദ്ധിച്ചാലറിയാം അവർക്കിടയിലെ ക്രിമിനൽ സ്വഭാവക്കാരെ. അക്രമങ്ങൾക്കൊരുങ്ങുന്ന പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിക്കുന്നതു മനസ്സിലാക്കാം. എന്നാൽ പറയത്തക്ക പ്രകോപനമൊന്നുമുണ്ടായില്ലെങ്കിലും പ്രതികാര ദാഹവുമായി പ്രതിഷേധക്കാരുടെ മേൽ ചാടിവീഴുന്ന പൊലീസുകാരെ നിയന്ത്രിക്കാൻ നടപടി ഉണ്ടാകാറില്ല. ജനങ്ങളുടെ മേൽ എന്ത് അതിക്രമം കാണിക്കാനും പൊലീസിനു ലഭിച്ചിരിക്കുന്ന അനുമതിയാണ് ഫലത്തിൽ ഏതു വഴിവിട്ട നടപടികൾക്കും അവരെ സഹായിക്കുന്നതെന്നു പറയാം.

കഴിഞ്ഞ ഏഴുവർഷത്തിനിടെ ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളിലേർപ്പെട്ടതിന്റെ പേരിൽ ഇരുപത്തഞ്ചു പൊലീസ് സേനാംഗങ്ങളെ പിരിച്ചുവിട്ടതായി കണക്കുണ്ട്. യഥാർത്ഥത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം വച്ചു നോക്കുമ്പോൾ ഇതിന്റെ എത്രയോ മടങ്ങു പേരെ പുറത്താക്കേണ്ടതാണ്. നേരത്തെ സൂചിപ്പിച്ച കാരണങ്ങളാൽ ബാഹ്യ ഇടപെടലുകളാണ് പലർക്കും രക്ഷാകവചമൊരുക്കുന്നത്. ഒരേ കുറ്റം പലവട്ടം ആവർത്തിക്കുന്നവരുണ്ട്. ഈ ഗണത്തിൽപ്പെടുന്നവരെ ഒരു കാരണവശാലും സർവീസിൽ വച്ചുകൊണ്ടിരിക്കരുതെന്നാണ് സർക്കാർ നിലപാട്. എന്നാൽ എത്രയോ പേർ കളങ്കിതരായിത്തന്നെ സർവീസിൽ തുടരുന്നതായി കാണാം. പൊലീസ് സേനയിലെ സ്ഥിരം പ്രശ്നക്കാരെ കണ്ടെത്താൻ പ്രത്യേക പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർ നൽകുന്ന റിപ്പോർട്ടിന്മേൽ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നതാണ് സ്ഥിതി.

Advertisement
Advertisement