പഴക്കമേറിയ തമോഗർത്തത്തെ കണ്ടെത്തി ശാസ്ത്രലോകം

Friday 19 January 2024 6:55 AM IST

വാഷിംഗ്ടൺ : ഏറ്റവും പഴക്കമേറിയതും ദൂരെയുള്ളതുമായ തമോഗർത്തത്തെ ( ബ്ലാക്ക് ഹോൾ ) കണ്ടെത്തി ശാസ്ത്രലോകം. പ്രപഞ്ചത്തിന്റെ പ്രാരംഭഘട്ടത്തിൽ ഉടലെടുത്തതെന്ന് കരുതുന്ന തമോഗർത്തത്തെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിലെ ഗവേഷക സംഘം ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് വഴിയാണ് കണ്ടെത്തിയത്.

മഹാവിസ്ഫോടനത്തിന് ( ബിഗ് ബാംഗ് ) ഏതാണ്ട് 40 കോടി വർഷങ്ങൾക്ക് ശേഷമാണ് ഈ തമോഗർത്തം രൂപംകൊണ്ടതെന്ന് കരുതുന്നു. ഈ തമോഗർത്തം അത് നിലകൊള്ളുന്ന സ്വന്തം ഗാലക്സിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നതായാണ് കണ്ടെത്തൽ. നമ്മുടെ സൂര്യനേക്കാൾ 60 ലക്ഷത്തോളം മടങ്ങ് വലിപ്പമുണ്ട് ഇതിന്.

ആദിമ പ്രപഞ്ചത്തിൽ ഇത്രയും വലിയ തമോഗർത്തം നിലനിന്നിരുന്നു എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. ഭൂമി ഉൾപ്പെടുന്ന ആകാശ ഗംഗയടക്കമുള്ള ഗാലക്സികളിൽ കണ്ടെത്തിയിട്ടുള്ള തമോഗർത്തങ്ങൾ നൂറു കോടിയിലേറെ വർഷങ്ങളെടുത്താണ് ഇന്നത്തെ വലിപ്പത്തിലെത്തിയതെന്നാണ് പഠനങ്ങൾ.

1380 കോടി വർഷങ്ങൾക്ക് മുമ്പാണ് ആദിമ നക്ഷത്രങ്ങളും ഗാലക്സികളും രൂപപ്പെട്ട പ്രപഞ്ചോൽപത്തിയ്ക്ക് കാരണമായ മഹാവിസ്ഫോടനമുണ്ടായത്. ഇല്ലാതാകുന്ന ചില ഭീമൻ നക്ഷത്രങ്ങളിൽ നിന്നാണ് തമോഗർത്തങ്ങൾ ഉടലെടുക്കുന്നത്.

 രഹസ്യങ്ങൾ തേടുന്ന ജെയിംസ് വെബ്

ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ സ്പേസ് ടെലിസ്കോപ്പായ ജെയിംസ് വെബ് നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്ത സംരംഭമാണ്. 2021 ഡിസംബറിൽ ഫ്രഞ്ച് ഗയാനയിൽ നിന്ന് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഏരിയൻ 5 റോക്കറ്റിൽ വിക്ഷേപിക്കപ്പെട്ടു.

പത്ത് വർഷമാണ് ജെയിംസ് വെബ് മിഷന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നതെങ്കിലും 20 വർഷം വരെ പ്രവർത്തിക്കാൻ കഴിയും. 15 വർഷം കൊണ്ട് പ്രാവർത്തികമായ ഈ ഇൻഫ്രാറെഡ് ടെലിസ്കോപ്പിന്റെ ചെലവ് ഏകദേശം 7.25 ബില്യൺ പൗണ്ടാണ്. ഭൂമിയിൽ നിന്ന് ഏകദേശം 10 ലക്ഷം മൈൽ അകലെയാണ് ജെയിംസ് വെബ് ഇപ്പോൾ.

മനുഷ്യ നേത്രങ്ങൾക്ക് കാണാനാകാത്ത ഇൻഫ്രാറെഡ് പ്രകാശത്തിലൂടെ പ്രപഞ്ചത്തിലെ നിഗൂഢതകളിലേക്ക് ജെയിംസ് വെബ് അന്വേഷണം നടത്തുന്നു. വരുന്ന പത്ത് വർഷത്തിനുള്ളിൽ ഭൂമിയ്ക്കപ്പുറത്തെ ജീവന്റെ സാന്നിദ്ധ്യം സംബന്ധിച്ച നിർണായക വിവരങ്ങൾ ജെയിംസ് വെബിന് കൈമാറാൻ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്.

1350 കോടി പ്രകാശവർഷം അകലെയുള്ള വസ്തുക്കളെ വീക്ഷിക്കാൻ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന് കഴിയും.

Advertisement
Advertisement