എംഎസ് ധോണി ബോളിവുഡ് അരങ്ങേറ്റത്തിന് ? ക്രിക്കറ്റില്‍ നിന്ന് മറ്റൊരു ബയോപിക് കൂടി

Friday 19 January 2024 6:58 PM IST

മുംബയ്: ക്രിക്കറ്റും ബോളിവുഡും തമ്മില്‍ കാലങ്ങളായി വളരെ അടുത്ത ബന്ധമാണുള്ളത്. ഇത് പുതിയൊരു തലത്തിലേക്ക് മാറിയത് ക്രിക്കറ്റ് താരങ്ങളുടെ ജീവിതകഥ പറയുന്ന ബയോപിക്കുകള്‍ ബോളിവുഡ് സിനിമകളുടെ പ്രമേയമായപ്പോഴാണ്. ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ എംഎസ് ധോണി ദി അണ്‍ടോള്‍ഡ് എന്ന ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. അന്തരിച്ച സുഷാന്ത് സിംഗ് രാജ്പുത് ധോണിയായെത്തിയ ചിത്രം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഇപ്പോഴിതാ ക്രിക്കറ്റില്‍ നിന്ന് മറ്റൊരു ബയോപിക്ക് കൂടി വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരവും നായകനുമായ സൗരവ് ഗാംഗുലിയുടെ ജീവിതകഥയിലാണ് ആയുഷ്മാന്‍ നായകനായി എത്തുമെന്ന് സൂചന ലഭിക്കുന്നത്. ദാദയുടെ ബയോപിക്കില്‍ റണ്‍ബീര്‍ കപ്പൂര്‍ ആയിരിക്കും നായകനായി എത്തുകയെന്ന് മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ദാദയുടെ കഥ പറയുന്ന ചിത്രത്തിന്റെ മറ്റൊരു സവിശേഷത ഈ ചിത്രത്തില്‍ മഹേന്ദ്ര സിംഗ് ധോണി അതിഥി വേഷത്തില്‍ എത്തിയേക്കുമെന്നതാണ്. ഇത് സംബന്ധിച്ച സ്ഥിരീകരണമൊന്നും തന്നെ ഔദ്യോഗികമായി വന്നിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും. പീപ്പിംഗ് മൂണിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ലവ് ഫിലിംസിന്റെ ബാനറില്‍ ബോളിവുഡ് നിര്‍മ്മാതാക്കളായ ലവ് രഞ്ജനും അങ്കുര്‍ ഗാര്‍ഗുമാണ് ഗാംഗുലിയുടെ ബയോപിക് നിര്‍മ്മിക്കുന്നത്.

ഉഡാന്‍, ലൂട്ടേര, ജൂബിലി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ വിക്രമാദിത്യ മോട്വാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സംബന്ധിച്ച് ഉടന്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. 1983ലെ ലോകകപ്പ് വിജയം ആസ്പദമാക്കി ഇറങ്ങിയ 83 എന്ന ചിത്രവും മികച്ച അഭിപ്രായം നേടിയിരുന്നു. ഈ സിനിമയില്‍ കപില്‍ദേവായി വേഷമിട്ടത് ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗായിരുന്നു.