രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി, ആദ്യ എട്ട് പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു

Saturday 20 January 2024 11:23 AM IST

മാവേലിക്കര: അലപ്പുഴയിൽ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളായ നൈസാം, അജ്‌മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്‌ദുൾ സലാം, സഫറുദ്ദീൻ, മൻഷാദ് എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 13, 14, 15 പ്രതികളായ സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർനാസ് അഷ്‌റഫ് എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത് ക്രിമിനൽ ഗൂഢാലോചന കുറ്റമാണ്.

കൂടാതെ ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളുടെ പേരിൽ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഒന്ന്, രണ്ട്, ഏഴ് പ്രതികൾക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിനും തെളിവ് നശിപ്പിച്ചതിനുമുള്ള കുറ്റവും തെളിഞ്ഞു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറയുന്നത്. പ്രതികളെല്ലാം എസ്‌ഡിപിഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ഇവരുടെ ശിക്ഷ തിങ്കളാഴ്‌ച വിധിക്കും. പ്രതികളെ ഇപ്പോൾ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികളെല്ലാം കുറ്റക്കാരെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് രഞ്ജിത്തിന്റെ കുടുംബം പ്രതികരിച്ചത്. രഞ്ജിത്തിന്റെ ഭാര്യയും അമ്മയും മകളും വിധി കേൾക്കാനായി കോടതിയിൽ എത്തിയിരുന്നു.

2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ ഡിവൈഎസ്‌പിയായിരുന്ന എന്‍ ആര്‍ ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറില്‍പ്പരം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ചു.

Advertisement
Advertisement