നന്ദു കൃഷ്ണ വധം: കുറ്റപത്രം സമർപ്പിച്ചു, 40 പ്രതികൾ

Sunday 21 January 2024 12:52 AM IST

ചേർത്തല : വയലാർ പഞ്ചായത്ത് നാലാം വാർഡ് തട്ടാപറമ്പ് നന്ദുകൃഷ്ണ(22) വെട്ടേ​റ്റുമരിച്ച സംഭവത്തിൽ കു​റ്റപത്രം സമർപ്പിച്ചു.കു​റ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചതോടെ വിചാരണ ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.കു​റ്റകൃത്യത്തിൽ നേരിട്ടു പങ്കുള്ള 31പേരും പ്രതികൾക്കു സഹായം നൽകിയ ഒമ്പതു പേരുമടക്കം 40 പേരെ പ്രതിയാക്കിയാണ് പൊലീസ് കു​റ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2021 ഫെബ്രുവരി 24ന് പോപ്പുലർ ഫ്രണ്ട് -ആർ. എസ്.എസ് സംഘർഷത്തിനിടെയായിരുന്നു വയലാർ നാഗംകുളങ്ങര കവലക്ക് സമീപം വെച്ച് ആർ.എസ്.എസ് പ്രവർത്തകനായ നന്ദുകൃഷ്ണ വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ മ​റ്റൊരു ആർ.എസ്.എസ് പ്രവർത്തകൻ കെ. എസ്.നന്ദുവിന്റെ ഇടതു കൈപ്പത്തിയും നഷ്ടപ്പെട്ടു. ഇതിന്റെ പ്രതികാരമായാണ് മണ്ണഞ്ചേ രിയിലെ കെ.എസ്. ഷാനിന്റെ കൊലപാതകവും തുടർന്ന് രൺജിത്ത് ശ്രീനിവാസന്റെ കൊലയും നടന്നത്.

.164 പേജുള്ള കു​റ്റപത്രമാണ് സമർപ്പിച്ചത്. കേസിലാകെ 144 സാക്ഷികളാണുള്ളത്.കൊലക്കുപയോഗിച്ച വാൾ,പ്രതികൾ സഞ്ചരിച്ച വാഹനം തുടങ്ങിയവ തെളിവായും സമർപ്പിച്ചിട്ടുണ്ട്. കേസിലെ 40 പ്രതികളെയും ചേർത്തല പൊലീസ് അറസ്​റ്റു ചെയ്തു.ചേർത്തല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ സംഭവത്തിന് പി​റ്റേന്നു തന്നെ എട്ടുപേർ അറസ്​റ്റിലായി. 2021 നവംബറിലായിരുന്നു അവസാനത്തെ പ്രതിയെ അറസ്​റ്റ് ചെയ്തത്.