'ഈ വിഡ്ഢിയെ വിവാഹം കഴിക്കാനാണോ ലക്ഷങ്ങളുടെ വെറുപ്പ് സമ്പാദിച്ചത്?' സോഷ്യല്‍ മീഡിയയില്‍ മാലിക്കിനെ റോസ്റ്റ് ചെയ്ത് പാകിസ്ഥാനികള്‍

Sunday 21 January 2024 6:56 PM IST

കറാച്ചി: നടിയും ടെലിവിഷന്‍ താരവുമായ സനാ ജാവേദിനെ വിവാഹം ചെയ്ത കാര്യം കഴിഞ്ഞ ദിവസമാണ് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷൊയ്ബ് മാലിക് പുറത്തുവിട്ടത്. ആദ്യ ഭാര്യയായ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത് ഏതാനം മാസങ്ങള്‍ക്ക് മുമ്പാണെന്ന സ്ഥിരീകരണം ഇതിന് പിന്നാലെ മിര്‍സാ കുടുംബത്തില്‍ നിന്ന് വരികയും ചെയ്തിരുന്നു. സാനിയയെ ഉപേക്ഷിച്ച് സനയെ വിവാഹം ചെയ്ത മാലിക്കിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയാണ് പാക് ആരാധകര്‍ പോലും.

വിവാഹ വാര്‍ത്ത പങ്കുവെച്ചുള്ള മാലിക്കിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലെ കമന്റ് സെക്ഷനിലും ഒപ്പം മറ്റ് സമൂഹമാദ്ധ്യമങ്ങളിലും മാലിക്കിനെ റോസ്റ്റ് ചെയ്ത് സാനിയയെ പിന്തുണയ്ക്കുകയാണ് പാകിസ്ഥാനികള്‍. സാനിയ മിര്‍സയെ പോലെ ധീരയും കരുത്തയുമായ ഒരു സ്ത്രീയെ മാലിക്ക് അര്‍ഹിച്ചിരുന്നില്ലെന്ന അഭിപ്രായപ്രകടനങ്ങളാണ് ഭൂരിഭാഗവും. വിവാഹമോചനത്തോടും മാലിക്കിന്റെ പുനര്‍വിവാഹത്തോടും സാനിയ പ്രതികരിച്ച രീതിയേയും പാക് ആരാധകര്‍ പുകഴ്ത്തുന്നു.

'ഒരു പ്രശ്‌നമോ നാടകീയതയോ സൃഷ്ടിക്കാതെയും ഒരു വാര്‍ത്താ സമ്മേളനം വിളിച്ച് മുന്‍ ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാതെയും മാലിക്കിന് പുതിയ ജീവിതത്തില്‍ എല്ലാവിധ ആശംസകളും നേര്‍ന്ന സാനിയ ഒരു മാതൃകയാണ്. അവര്‍ ഒരു ലോകോത്തര കായിക താരം മാത്രമല്ല മറിച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സ്ത്രീയാണ് എന്ന് തന്റെ പക്വതയോടെയുള്ള പെരുമാറ്റം കൊണ്ട് തെളിയിക്കുകയാണ്' - മറ്റൊരു ആരാധിക എക്‌സില്‍ കുറിച്ചു.

ഇന്ത്യക്കാരിയായിരുന്നിട്ടും രാഷ്ട്രീയപരമായി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുത പോലും വകവയ്ക്കാതെ ലക്ഷക്കണക്കിന് ആളുകളുടെ വെറുപ്പ് സമ്പാദിച്ചാണ് സാനിയ മാലിക്കിനെ വിവാഹം ചെയ്തത്. മാലിക്കിനെ പോലെ ഒരു വിഡ്ഢിയെ വിവാഹം ചെയ്യാനാണോ ഇത്തരമൊരു ധീരത പ്രണയത്തില്‍ കാണിച്ചത് ? മറ്റൊരു എക്‌സ് ഉപയോക്താവ് കുറിച്ചു.

2010ല്‍ ആണ് സാനിയ മിര്‍സ - ഷൊയ്ബ് മാലിക്ക് താര വിവാഹം നടന്നത്. ഇന്ത്യയിലും പാകിസ്ഥാനിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച വിവാഹം കൂടിയായിരുന്നു ഇത്. 2018ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. ഇഹ്‌സാന്‍ മിര്‍സ മാലിക് എന്നാണ് മകന്റെ പേര്. അമ്മ സാനിയ മിര്‍സയ്ക്ക് ഒപ്പമാണ് മകന്‍ ഇപ്പോഴുള്ളത്.