സ്വർണവും വജ്രവും റൂബിയും; പൂക്കൾ കൊണ്ട് അലങ്കരിച്ച രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്ത്
അയോദ്ധ്യ: രാംലല്ല വിഗ്രഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്. സ്വർണവും വജ്രവും റൂബിയും പൂക്കളും കൊണ്ട് അലങ്കരിച്ച വിഗ്രഹത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും സന്ന്യാസിമാരും ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രാർത്ഥനകൾ അർപ്പിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭഗവതും ഒപ്പമുണ്ടായിരുന്നു.
ഈ ദൈവികതയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മോദി എക്സിൽ കുറിച്ചു. പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ സൈനിക ഹെലികോപ്ടറുകൾ പുഷ്പവൃഷ്ടി നടത്തിയിരുന്നു.
ശ്രീരാമന്റെ അഞ്ചുവയസുള്ള രൂപമായ രാംലല്ല വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. മൈസൂരുവിലെ പ്രശസ്ത ശിൽപ്പി അരുൺ യോഗിരാജ് കൊത്തിയ വിഗ്രഹമാണിത്. പ്രാണപ്രതിഷ്ഠയ്ക്ക് തൊട്ടുമുമ്പാണ് വിഗ്രഹത്തിന്റെ മൂടുപടം മാറ്റിയത്.
അഞ്ച് വയസുകാരന്റെ ഓമനത്തവും തേജസുമുണ്ടെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വിലയിരുത്തിയ ശിൽപ്പം രഹസ്യ വോട്ടിലൂടെയാണ് തിരഞ്ഞെടുത്തത്. ശിൽപ്പത്തിന്റെ ഇടതുകൈയിൽ വില്ലും, വലതുകൈയിൽ അമ്പും കാണാം. ഓം, ചക്രം, ഗദ, സ്വസ്തിക് രൂപങ്ങൾ അലങ്കാരമായി ശിൽപ്പത്തിന് ചുറ്റുമുണ്ട്
ക്ഷേത്രത്തിന്റെ താഴത്തെ നിലയിലാണ് രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചത്. ഒന്നാം നിലയിൽ സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരോടൊപ്പം രാമന്റെ വിഗ്രഹവും ഉണ്ടായിരിക്കും. രാംലല്ലയുടെ ചിത്രം ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് ചിത്രം പുറത്തുവിട്ടതിൽ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.