അയോദ്ധ്യയിൽ ഭക്തരുടെ അണമുറിയാത്ത ഒഴുക്ക്; ഒരേസമയം പ്രവേശിപ്പിക്കുന്നത് 500പേരെ, ദർശനത്തിനായി ക്യൂ നിൽക്കുന്നത് പതിനായിരങ്ങൾ

Tuesday 23 January 2024 10:23 AM IST

അയോദ്ധ്യ: ഇതിഹാസ പ്രസിദ്ധമായ അയോദ്ധ്യയിലെ രാമക്ഷേത്രം രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ലോകമെമ്പാടുമുള്ള ഭക്തർക്കായി തുറന്നു നൽകി. പതിനായിരങ്ങളാണ് ഇന്ന് പുലർച്ചെ മൂന്ന് മുതൽ ക്ഷേത്ര പരിസരത്ത് എത്തിച്ചേർന്നിരിക്കുന്നത്. രാവിലെ ഏഴ് മുതൽ 11.30 വരെയും ഉച്ചക്ക് രണ്ട് മുതൽ ഏഴ് വരെയുമാണ് സന്ദർശകർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ കഴിയുക.

മൈസൂരു ആസ്ഥാനമായുള്ള ശിൽപ്പിയായ അരുൺ യോഗിരാജ് രൂപകൽപ്പന ചെയ്ത 51 ഇഞ്ച് ഉയരമുള്ള രാംലല്ല വിഗ്രഹം കാണാനായി കാലാവസ്ഥ പോലും പരിഗണിക്കാതെയാണ് ഭക്തർ ഒഴുകിയെത്തുന്നത്. ശൈത്യ കാലമായതിനാൽ തന്നെ കൊടും തണുപ്പ് പോലും അവർ വകവയ്‌ക്കുന്നില്ല. 'ജയ് ശ്രീറാം' എന്ന മന്ത്രം മുഴക്കിയാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്. ഒരേ സമയം 500പേരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ക്ഷേത്രത്തിൽ കയറുന്ന ഭക്തരെ എത്രയും വേഗം ദർശനം നടത്തി പുറത്തിറക്കി എല്ലാ ഭക്തർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും അവർ പറഞ്ഞു.

ഇന്നലെ ഉത്തർപ്രദേശ് പ്രവിശ്യാ ആംഡ് കോൺസ്റ്റാബുലറി (പിഎസി) ബാൻഡ് അയോദ്ധ്യയിലെ തെരുവുകളിൽ ദേശഭക്തിഗാനങ്ങൾ ആലപിച്ചിരുന്നു. ദീപാവലിക്ക് സമാനമായ രീതിയിലാണ് ഓരോ വീട്ടിലും വിളക്കുകൾ തെളിച്ചത്. ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. അതിനാൽ തന്നെ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നാണ് ക്ഷേത്ര അധികൃതർ പറയുന്നത്.